സഹതടവുകാർക്ക് ആശ്വാസമേകാൻ സ്വന്തം പ്രഭാതഭക്ഷണം ത്യാഗം ചെയ്ത് ജപമാലകൾ നിർമ്മിച്ച ഒരു കത്തോലിക്കാ വിശ്വാസി

 
Rosary

ക്രൂരമായ പീഡനങ്ങളും ഏകാന്തതയും നിറഞ്ഞ വിയറ്റ്നാമിലെ 'Hanoi Hilton' തടവറയിൽ നടന്നത് മനുഷ്യത്വത്തിന്റെയും വിശ്വാസദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ ഒരു കഥയാണ്. 

സഹതടവുകാർക്ക് ആശ്വാസമേകാൻ സ്വന്തം പ്രഭാതഭക്ഷണം ത്യാഗം ചെയ്ത് ജപമാലകൾ നിർമ്മിച്ച ഒരു കത്തോലിക്കാ വിശ്വാസിയുടെ ധീരത ആണ്  ഇപ്പോൾ ചർച്ചയാകുന്നത്. 

ആൻഡ്രൂ ബിഗിയോ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ബിൽ എന്ന മുൻ യുദ്ധത്തടവുകാരനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 

തടവറയിൽ ഓരോ ദിവസവും രാവിലെ ലഭിക്കുന്ന പരിമിതമായ ഭക്ഷണത്തിൽ നിന്നുള്ള ഒരു കഷ്ണം റൊട്ടിയാണ് ജപമാല മണികൾ നിർമ്മിക്കാൻ ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. 

റൊട്ടി ഉരുട്ടി മണികളാക്കി മാറ്റിയ ശേഷം, തടവറയിലെ കമ്പിളി പുതപ്പിൽ നിന്ന് വേർതിരിച്ചെടുത്ത നൂലുകൾ കോർത്താണ് ജപമാല  തയ്യാറാക്കിയിരുന്നത്. മോഷ്ടിച്ചെടുത്ത ഒരു പേനയിലെ മഷി ഉപയോഗിച്ച് ഈ മണികൾക്ക് നിറം നൽകുകയും ചെയ്തിരുന്നു. പുതിയതായി എത്തുന്ന കത്തോലിക്കരായ തടവുകാർക്ക്  ഇദ്ദേഹം ഈ ജപമാലകൾ എത്തിച്ചു നൽകുമായിരുന്നു. തടവറയിലെ ജനാലകളിലൂടെ ഇത് അകത്തേക്ക് എറിഞ്ഞു കൊടുക്കുകയാണ് പതിവ്. പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായിരുന്നിട്ടും അദ്ദേഹം ഈ ദൗത്യം തുടർന്നു.

 "എനിക്കും അത്തരത്തിലൊരു ജപമാല ലഭിച്ചു. തടവിൽ നിന്ന് മോചിതനായി വരുമ്പോഴും ഞാനത് ഭദ്രമായി കരുതിയിരുന്നു എന്നും  ബിൽ വീഡിയോയിൽ പറയുന്നുണ്ട് . 

രോഗികളും പരിക്കേറ്റവരുമായ തടവുകാരെ ആദ്യം വിട്ടയച്ചപ്പോൾ, പരിശോധനകൾ കർശനമല്ലാത്തതിനാൽ ഈ ജപമാലകൾ പുറത്തെത്തിക്കാൻ തടവുകാർക്ക് സാധിച്ചു. 

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തന്റെ മുത്തശ്ശിയും സമാനമായ രീതിയിൽ റൊട്ടി കൊണ്ട് ജപമാലകൾ നിർമ്മിച്ചിരുന്നതായി ഒരു യുവതി കമന്റ് ചെയ്തു. 

വിശ്വാസവും സഹോദര്യവും ഏതൊരു തടവറയെക്കാളും ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ റൊട്ടി ജപമാലകളുടെ ചരിത്രം.

Tags

Share this story

From Around the Web