വ്യാജരേഖ നിർമിച്ച് അവയവക്കടത്ത് നടത്തിയ കേസ്. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും
തിരുവനന്തപുരം: വ്യാജരേഖ നിർമിച്ച് അവയവക്കടത്ത് നടത്തിയ കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. എറണാകുളം റൂറൽ എസ്പി കെ.എസ് സുദർശൻ അന്വേഷണസംഘത്തെ നയിക്കും.
എറണാകുളം കേന്ദ്രീകരിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തെ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് മുഖ്യ ഇടനിലക്കാരൻ മുഹമ്മദ് രാജീവ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ മൂന്ന് കേസുകളാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹോസ്പിറ്റലിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചും എംപിമാരുടെയും എംഎൽഎമാരുടെയും വ്യാജ ലെറ്റർ പാഡുകൾ ഉപയോഗിച്ചുമാണ് ഇവർ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇതേതുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
തട്ടിപ്പിൽ മറ്റാർക്കെല്ലാം പങ്കുണ്ട്, ഏതൊക്കെ സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണസംഘം വിശദമായ പരിശോധന നടത്തും.