നിര്‍ത്തിയിട്ട ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ചു. ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു, കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലെന്ന് സൂചന
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു.
തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്നെയും മരിച്ചിരുന്നു. ചികിത്സയിരിക്കുകയാണ് എമില്‍ മരിച്ചത്. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.
ഒരു വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുനീറും കുടുംബവും. കുട്ടിയ്ക്ക് മൂത്രശങ്ക തോന്നിയതിനെ തുടര്‍ന്നാണ് മുനീര്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയത്. ഈ സമയത്താണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്.
ബൈക്കോടിച്ചിരുന്ന മുനീര്‍ 50 മീറ്റര്‍ ദൂരേക്ക് തെറിച്ചു പോയി. തൊട്ടടുത്തുണ്ടായിരുന്ന മതിലിന്റെ ഭാഗം തകര്‍ത്ത് അപ്പുറത്തെ പറമ്പിലേക്കാണ് മുനീര്‍ ചെന്ന് വീണത്.
ഭാര്യയും കുഞ്ഞിനെയും ആശുപത്രിയിലെക്ക് കൊണ്ടുപോയിട്ടും മുനീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത പറമ്പില്‍ മുനീറിനെ കണ്ടെത്തിയത്.