തെക്കൻ സുഡാനിൽ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 178 പേർ കൊല്ലപ്പെട്ടു
തെക്കൻ സുഡാനിൽ വീണ്ടും ചോരപ്പുഴയൊഴുക്കി സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം. വടക്കൻ മേഖലയിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 178 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ വീണ്ടും ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഈ ദാരുണമായ കൂട്ടക്കൊലയെ കത്തോലിക്കാ സഭയിലെ മെത്രാന്മാർ ശക്തമായി അപലപിച്ചു.
മാർച്ച് 2-ന് വടക്കൻ തെക്കൻ സുഡാനിലെ റുവേങ് (Ruweng) അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലാണ് സംഭവം നടന്നത്. സായുധരായ ഒരു സംഘം നടത്തിയ ആക്രമണത്തിൽ 90 സാധാരണക്കാരും 79 സൈനികരും കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സാധാരണക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്.
ആക്രമണത്തെത്തുടർന്ന് നൂറുകണക്കിന് ആളുകൾ പ്രാണരക്ഷാർത്ഥം ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. കർദ്ദിനാൾ സ്റ്റീഫൻ അമെയു മാർട്ടിൻ മുള്ളയുടെ നേതൃത്വത്തിൽ പത്തോളം മെത്രാന്മാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് സഭ ഇതിനെതിരെ രംഗത്തുവന്നത്. നിസ്സഹായരായ സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല എന്ന് പ്രസ്താവനയിൽ മെത്രാന്മാർ പറഞ്ഞു.
ബെന്റിയു രൂപതയിലെ ബിഷപ്പ് സമാധാനത്തിനായി അഭ്യർത്ഥിച്ചു. തോക്കിൻ ഉണ്ടകളല്ല, മറിച്ച് ആത്മാർത്ഥമായ ചർച്ചകളാണ് രാജ്യത്തിന് ആവശ്യമെന്നും പ്രതികാരത്തിന്റെ സംസ്കാരം നാടിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2011-ൽ സ്വാതന്ത്ര്യം നേടിയ ശേഷം 2013 മുതൽ 2018 വരെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ നാല് ലക്ഷത്തോളം പേരാണ് തെക്കൻ സുഡാനിൽ കൊല്ലപ്പെട്ടത്.
2018-ലെ സമാധാന കരാറിലൂടെ രാജ്യം ശാന്തതയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. രാഷ്ട്രീയ അസ്ഥിരതയും വർഗീയ സംഘർഷങ്ങളും രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിലേക്ക് എത്തിച്ചിരിക്കകയാണ്. യുദ്ധത്തിന് പകരം സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തോടും ജനങ്ങളോടും മെത്രാന്മാർ ആഹ്വാനം ചെയ്തു.