ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ച ധീരപോരാളി. ചാര്‍ലി കിര്‍ക്കിന് കണ്ണീരോടെ വിട

വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ അമേരിക്കന്‍ ഇന്‍ഫ്‌ലൂവന്‍സര്‍ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടു.
യൂട്ടവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു കൊല്ലപ്പെത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.
സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ ചാര്‍ലി കിര്‍ക്ക് സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് കാണുന്നത്.
കഴിഞ്ഞ ആഴ്ച എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് കിര്‍ക്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിന്നു. പള്ളികള്‍ വളരുകയാണെന്നും യുവജനങ്ങള്‍ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചിരിന്നു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്‍മ്മിക നിലപാട് ഉയര്‍ത്തിപിടിക്കുന്ന വിധത്തിലായിരിന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രസ്താവനകളും.
ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്ന വിശ്വാസമാണ് തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചിരിന്നു.
യുവാക്കള്‍ക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരിന്നത്. ചാര്‍ലിയുടെ അകാല മരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര്‍ അനുശോചനം പ്രകടിപ്പിച്ചു.