കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മില്‍ ചോരക്കളി. മുണ്ട് ചുരുട്ടിയെറിഞ്ഞു, പിന്നാലെ സ്റ്റീല്‍ മൊന്തകൊണ്ട് തലയ്ക്കടിച്ചു.റിമാന്‍ഡ് തടവുകാരന് സഹതടവുകാരന്റെ ക്രൂര മര്‍ദനം

 
jail

കാക്കനാട്: കൊച്ചി കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരന് സഹതടവുകാരന്റെ ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുല്‍ റഹ്മാന് (28) ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന് പത്തോളം തുന്നലുകളുണ്ട്. സംഭവത്തില്‍ സഹതടവുകാരനായ രഞ്ജിത്തിനെതിരെ (25) പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പ് മുറിക്കുള്ളിലായിരുന്നു സംഭവം. ലോക്കപ്പില്‍ വിശ്രമിക്കുകയായിരുന്ന അബ്ദുല്‍ റഹ്മാന്റെ മുഖത്തേക്ക് പ്രതിയായ രഞ്ജിത് കൈയിലുണ്ടായിരുന്ന മുണ്ട് ചുരുട്ടി എറിയുകയായിരുന്നു. ഇത് അബ്ദുല്‍ റഹ്മാന്‍ ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ കടുത്ത വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനിടെ പെട്ടെന്ന് പ്രകോപിതനായ രഞ്ജിത്, ലോക്കപ്പ് മുറിയിലുണ്ടായിരുന്ന സ്റ്റീല്‍ മൊന്ത മുണ്ടില്‍ പൊതിഞ്ഞ് അബ്ദുല്‍ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തല പൊട്ടി ചോരയൊലിച്ച് വീണ അബ്ദുല്‍ റഹ്മാന്റെ വലത് തോളിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് അബ്ദുല്‍ റഹ്മാന് നേരെ ആക്രമണമുണ്ടായത്. പ്രതിയായ രഞ്ജിത് അടിപിടി കേസിലാണ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Tags

Share this story

From Around the Web