ബ്രിട്ടനിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി. ബ്രിട്ടനില്‍ ഗ്രാജുവേറ്റ് തലത്തിലുള്ള തൊഴിലവസരങ്ങളില്‍ വന്‍ ഇടിവ് 

 
carrer

ബ്രിട്ടന്‍: ബ്രിട്ടനില്‍ ഗ്രാജുവേറ്റ് തലത്തിലുള്ള തൊഴിലവസരങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 

പ്രമുഖ തൊഴില്‍ വെബ്‌സൈറ്റായ 'അഡ്‌സൂണ'യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിരുദതലത്തിലുള്ള ഒഴിവുകളില്‍ ഏകദേശം 46 മുതല്‍ 50 ശതമാനം വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 15,397 ഗ്രാജുവേറ്റ് ഒഴിവുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അത് 8,383 ആയി ചുരുങ്ങി. 


2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ ബ്രിട്ടനിലെ ഗ്രാജുവേറ്റ് ഒഴിവുകളുടെ എണ്ണം എത്തിനില്‍ക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗവും തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചെലവ് ഉയര്‍ന്നതുമാണ് എന്‍ട്രി ലെവല്‍ ജോലികള്‍ വന്‍തോതില്‍ കുറയാന്‍ പ്രധാന കാരണം. 

അപേക്ഷകള്‍ പരിശോധിക്കാനും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനും കമ്പനികള്‍ എ.ഐയെ ആശ്രയിക്കുന്നത് യുവാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 


ജോലി തേടുന്നവര്‍ക്കിടയിലെ മത്സരവും കനത്തിട്ടുണ്ട്. ജൂലൈയില്‍ ശരാശരി ഒരു ഒഴിവിലേക്ക് 2.14 പേര്‍ മത്സരിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഇത് 1.93 പേരായിരുന്നു.

 ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2026-ന്റെ ആദ്യ പാദത്തില്‍ 16-നും 24-നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.


എന്‍ട്രി ലെവല്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞത് പഠനത്തിനായി ബ്രിട്ടനിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയാണ്.

 ട്രാവല്‍, അധ്യാപനം, നിര്‍മാണം തുടങ്ങിയ ചില മേഖലകളില്‍ ഒഴിവുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും, ഹെല്‍ത്ത്കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 

പഠനച്ചെലവുകള്‍ക്കും താമസച്ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, ബിരുദത്തിനു ശേഷം ബ്രിട്ടനില്‍ കരിയര്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും പുതിയ തൊഴില്‍ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Tags

Share this story

From Around the Web