തിരുവനന്തപുരത്ത് 73-കാരിയായ അമ്മയ്ക്ക് മകന്റെയും മരുമകളുടെയും ക്രൂര മർദ്ദനം. വയോധികയുടെ ചുണ്ട് ഇടിച്ച് പൊട്ടിച്ച് വീട്ടിന് പുറത്താക്കിയ സംഭവത്തിൽ അടിയന്തര ഇടപെടലുമായി മന്ത്രി ബിന്ദു കൃഷ്ണ. 

 
ROSA

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആറ്റുകാലിൽ ജന്മം നൽകിയ 73-കാരിയായ അമ്മയെ മകനും മരുമകളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചവശയാക്കി തെരുവിലേക്കെറിഞ്ഞ സംഭവം സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു. 

ആറ്റുകാൽ സ്വദേശി സരസ്വതി അമ്മയ്ക്കാണ് സ്വന്തം ചോരയിൽ പിറന്ന മകൻ മധുവിൽ നിന്നും മരുമകൾ ആതിരയിൽ നിന്നും മൃഗീയമായ പീഡനം ഏൽക്കേണ്ടി വന്നത്. ദേഹമാസകലം മാരകമായ മുറിവേറ്റ നിലയിലാണ് വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

എട്ടോളം സ്റ്റിച്ചുകളാണ് ചുണ്ടിൽ മാത്രം ഇടേണ്ടി വന്നത്. ഇതിനുപുറമേ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിന് ശേഷം അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇവർ പുറത്താക്കുകയായിരുന്നു. നിലവിൽ ഒരു അയൽവാസിയുടെ വീട്ടിലാണ് ഈ വയോധിക അഭയം തേടിയിരിക്കുന്നത്.

സരസ്വതി അമ്മയുടെ പേരിലുള്ള വസ്തു ഈട് വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ബാങ്കിൽ നിന്ന് ലോൺ എടുത്തിരിക്കുന്നത്. എന്നാൽ ഈ ഭീമമായ തുക മകൻ അടയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന്, 73-ാം വയസ്സിലും സരസ്വതി അമ്മ മറ്റുള്ളവരുടെ വീടുകളിൽ ജോലിക്ക് പോയാണ് കഴിഞ്ഞ ഏഴ് വർഷമായി ഈ കടം വീട്ടുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെത്തി തന്റെ സങ്കടങ്ങളും സാമ്പത്തിക ബാധ്യതകളും സംസാരിക്കുന്നതിനിടയിലാണ് മരുമകൾ ആതിര പ്രകോപിതയായി വയോധികയെ ക്രൂരമായി മർദ്ദിച്ചതും ചുണ്ട് അടിച്ചുതകർത്തതും. വീട് ഒഴിഞ്ഞുതരണമെന്ന് ഫോർട്ട് പൊലീസ് മുൻപ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടും മകൻ മധു ഇത് പൂർണ്ണമായി അവഗണിക്കുകയായിരുന്നു.

വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. നടന്നത് അങ്ങേയറ്റം ക്രൂരമായ സംഭവമാണെന്നും, വയോധികയായ അമ്മയ്ക്ക് ആവശ്യമായ എല്ലാ സൌജന്യ ചികിത്സയും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

സംഭവത്തിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും, മകനെയും മരുമകളെയും ഉടൻ അറസ്റ്റ് ചെയ്യാനുമുള്ള കർശന നിർദ്ദേശം മന്ത്രി പൊലീസിന് നൽകിയിരിക്കുകയാണ്. മന്ത്രിയുടെ കർശനമായ ഇടപെടലിനെ തുടർന്ന് ഇപ്പോൾ പ്രതികൾക്കെതിരെ കേസെടുക്കാൻ ഫോർട്ട് പൊലീസ് നിർബന്ധിതരായിട്ടുണ്ട്. 

Tags

Share this story

From Around the Web