തിമിര ശസ്ത്രക്രിയക്കെത്തിയ 70കാരന്റെ കണ്ണിനകത്ത് ജീവനുള്ള 11 വിരകള്‍; ചിലത് മുട്ടയിട്ട് വിരിയാനായ നിലയില്‍
സോള്‍: തിമിര ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ 70കാരനായ കര്‍ഷകന്റെ കണ്ണില്‍ ജീവനുള്ള 11 പരാദവിരകള്‍. ദക്ഷിണ കൊറിയയിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി അസഹ്യമായ കണ്ണുവേദനയും തുടിപ്പും മങ്ങലും കാരണം അസ്വസ്ഥകളനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാങ്വോണ്‍ നാഷണല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അനുഭവം.
വിദഗ്ധ പരിശോധനയിലാണ് നേത്രഗോളത്തിനും പരിസരത്തുമായി വെള്ളനിറത്തിലുള്ള ജീവനുള്ള 11 വിരകളെ നേത്ര വിദഗ്ധര്‍ക്ക് കണ്ടെത്താനായത്. പിന്നാലെ കണ്ണില്‍ മരിവിപ്പിനുള്ള മരുന്ന് നല്‍കിയതിന് ശേഷം മുഴുവന്‍ വിരകളെയും ഡോക്ടര്‍മാര്‍ പുറത്തെടുത്തു.
11 മുതല്‍ 22 മി.മി വലിപ്പത്തിലുള്ള, തെലാസിയ കാലിപീഡ നിമറ്റോഡുകള്‍ എന്ന പേരിലുള്ള വിരകളാണ് കണ്ടെടുത്തതെന്ന് ഡോക്ടര്‍മാര്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 24ന് പ്രസിദ്ധീകരിച്ച ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ മാഗസിനിലാണ് നടുക്കുന്ന സംഭവം വിവരിക്കുന്നത്.
കര്‍ഷകന്റെ കണ്ണിലുണ്ടായിരുന്ന വിരകളില്‍ ചിലത് മുട്ടയിട്ടിരുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തുകയുണ്ടായി. കൃത്യസമയത്ത് പുറത്തെടുത്തതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിരകളെ എടുത്തുകളഞ്ഞതിന് ശേഷം രണ്ട് മാസത്തോളം രോഗിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നെങ്കിലും, മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇദ്ദേഹത്തിനുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമായാണ് സാധാരണഗതിയില്‍ ഇത്തരം വിരകളുടെ സാന്നിധ്യമുണ്ടാകാറുള്ളത്. പൂച്ച, പട്ടി തുടങ്ങിയ ജീവികളിലാണ് ധാരാളമായി ഇവ കടന്നുകൂടാറുള്ളതെങ്കിലും ചില സവിശേഷമായ സാഹചര്യങ്ങളില്‍ ഇവര്‍ മനുഷ്യശരീരങ്ങളിലും കയറിപ്പറ്റാറുണ്ട്. കണ്ണിലെ അസ്വസ്ഥത, ചൊറിച്ചില്‍, കണ്ണുനീര്‍ വരുക തുടങ്ങിയവയാണ് ഈ വിരകളെത്തിയെന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.