കോക്പിറ്റില്‍നിന്നും സംഘട്ടനത്തിന്റെ ശബ്ദംകേട്ടത് 6-വയസുകാരി; നീനയുടെ നിലവിളി ഒഴിവാക്കിയത് വന്‍ ആകാശദുരന്തം
ദുബായ്: ഫ്ളൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ചുണ്ടായ ഭീതിജനകമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, യാത്രക്കാരെ അപായ സൂചന നല്‍കി ഉണര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നീന മാനസ് എന്ന ആറുവയസുകാരിയെയും അമ്മ ടാലിയെയും പ്രശംസിക്കുകയാണ് ഏവരും.
174 യാത്രക്കാരുമായി ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറക്കുകയായിരുന്ന ഫളൈദുബായ് FZ1073 (FlyDubai Flight FZ1073) വിമാനത്തിലെ ഒമാനി കോ-പൈലറ്റ്, ബോയിങ് 737 MAX 8 വിമാനം തകര്‍ക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കുത്തുകയായിരുന്നു.
വിമാനത്തിന്റെ മുന്‍വശത്തെ റെസ്റ്റ്‌റൂമില്‍ പോകണമെന്ന് നീന അമ്മയോട് ആവശ്യപ്പെട്ടതാണ് വഴിത്തിരിവായത്. റെസ്റ്റ്‌റൂമിന് തൊട്ടുപുറത്ത് നില്‍ക്കുമ്പോള്‍ കോക്ക്പിറ്റിനുള്ളില്‍ നിന്ന് ഭയാനകമായ ബഹളവും നിലവിളിയും ഇരുവരും കേട്ടു. കോക്ക്പിറ്റില്‍ 'എല്ലായിടത്തും രക്തം' തളംകെട്ടിനില്‍ക്കുന്നതും കടുത്ത ആക്രമണം നടക്കുന്നതും കണ്ടതായി ടാലി വിവരിച്ചു. ഇതോടെ ഭയന്നുപോയ നീന വലിയവായില്‍ നിലവിളിച്ചു.
മകളുടെ നിലവിളി കേട്ട് എന്തോ വലിയ അപകടം നടക്കുകയാണെന്ന് മനസ്സിലാക്കിയ നീനയുടെ പിതാവും ബാങ്ക് ലെയുമി അണ്ടര്‍റൈറ്റിങ് വിഭാഗം സി.ഇ.ഒ.യുമായ ടിസ്വിക മാനസ് അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. പിന്നാലെ മറ്റ് രണ്ട് യാത്രക്കാരും ഇങ്ങോട്ടേക്കെത്തുകയും കോക്ക്പിറ്റില്‍ കടന്ന് ആക്രമണകാരിയെ കീഴടക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ മച്ചാറിന് കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. പിന്നാലെ സന്ദര്‍ഭോചിതമായി ഇടപെട്ട ഒരു കൂട്ടം യാത്രക്കാര്‍ അകത്തുകയറി, കോ-പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി ബന്ധിക്കുകയായിരുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന, ഡ്യൂട്ടിയിലല്ലാത്ത ഒരു പൈലറ്റിന്റെ സഹായത്തോടെ ആയിരക്കണക്കിന് അടി താഴേക്ക് പതിച്ച വിമാനത്തെ സുരക്ഷിത നിലയിലാക്കാനും സാധിച്ചു. തുടര്‍ന്ന്, വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ (Tabuk) സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വന്‍ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്റെയും യാത്രക്കാരുടെയും അപാരമായ ധീരതയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ ഉദ്യോഗസ്ഥരും പ്രശംസിച്ചു.
മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സംസാരിക്കുകയും, അടിയന്തര ഘട്ടത്തില്‍ അദ്ദേഹം കാണിച്ച ധീരതയെ പ്രശംസിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ, സംഭവസമയത്തെ തന്റെ അനുഭവങ്ങള്‍ മച്ചാര്‍ പങ്കുവെക്കുകയും അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് ധൈര്യം നല്‍കിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.