പിതാവിന്റെ പുനര്‍വിവാഹ തീരുമാനത്തെ എതിര്‍ത്തു, 20കാരിയായ മകളെ കൊലപ്പെടുത്തിയ 45കാരനായ പിതാവ് അറസ്റ്റില്‍
മുംബൈ: പിതാവിന്റെ പുനര്‍വിവാഹ തീരുമാനത്തെ എതിര്‍ത്ത 20കാരിയായ മകളെ കൊലപ്പെടുത്തിയ 45കാരനായ പിതാവ് അറസ്റ്റില്‍. വിഷം കലര്‍ത്തിയ ബിരിയാണി നല്‍കിയശേഷം മകളുടെ കഴുത്തുഞെരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലെ വഡാലയിലാണ് സംഭവം. കൊല്ലപ്പെട്ടത് റിഫാത്ത് എന്ന യുവതിയാണ്. മരപ്പണിക്കാരനായ ഷരീഫ് റാസ ഹുസൈന്‍ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കഴുത്തില്‍ മുറുക്കിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മറ്റൊരു മകളായ 16കാരി നുസ്ഹത്തിനെയും കൊലപ്പെടുത്താന്‍ ഷരീഫ് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍, സംഭവദിവസം രാത്രി അമ്മായിയുടെ വീട്ടില്‍ താമസിക്കാന്‍ പോയതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
2025 നവംബറില്‍ ക്യാന്‍സര്‍ ബാധിച്ചാണ് റിഫാത്തിന്റെ മാതാവ് മരിച്ചത്. ഇതിനു പിന്നാലെ ഷരീഫ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പിതാവിന്റെ തീരുമാനത്തോട് റിഫാത്തും ഇളയ മകള്‍ നുസ്ഹത്തും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ പതിവായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മുംബൈയിലെ വഡാല ഈസ്റ്റിലെ മഡോണ കോളനിയില്‍ മക്കളായ റിഫാത്ത്, നുസ്ഹത്ത്, പത്തുവയസുകാരനായ മകന്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് ഷരീഫ് താമസിച്ചിരുന്നത്. ഒക്ടോബര്‍ രണ്ടിന് ഷരീഫ് വീട്ടിലേക്ക് ചിക്കന്‍ ബിരിയാണി കൊണ്ടുവന്നതായാണ് പൊലീസ് പറയുന്നത്. റിഫാത്തും നുസ്ഹത്തും ബിരിയാണി കഴിച്ചശേഷം വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ പോയി. ഇതിനിടെ, നുസ്ഹത്ത് അമ്മായി ഗൗസിയയുടെ വീട്ടിലേക്ക് പോയെന്നാണ് വിവരം.
ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഷരീഫ് ഗൗസിയയുടെ വീട്ടിലെത്തി റിഫാത്ത് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു സംശയം. എന്നാല്‍, ഷരീഫിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ മുറുക്കിയതിനെത്തുടര്‍ന്നുള്ള ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചു. ഇതോടെ ഭക്ഷ്യവിഷബാധയെന്ന പ്രാഥമിക നിഗമനത്തില്‍ സംശയമുയര്‍ന്നു. തുടര്‍ന്നാണ് വഡാല പൊലീസ് ഷരീഫിനെ അറസ്റ്റ് ചെയ്തത്.