20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് 33കാരനെ നാലംഗ സംഘം അടിച്ച് കൊലപ്പെടുത്തി, തെലങ്കാനയിലെ വിജയവാഡയിലെ പടമറ്റയിലാണ് ദാരുണമായ സംഭവം
ഹൈദരാബാദ്: 20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 33കാരനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ വിജയവാഡയിലെ പടമറ്റയിലാണ് ദാരുണമായ സംഭവം.
തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ മാസ സായി കുമാര്‍ എന്നയാളാണ് ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍, ഇയാളെ രണ്ടു മണിക്കൂറോളമാണ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ആറുമാസമായി യാദാദ്രി-ഭുവനഗിരിയിലെ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തില്‍ സായ് കുമാര്‍ ജോലി ചെയ്തു വരികയാണ്. അടുത്തിടെയാണ് വിജയവാഡയിലെത്തിയത്. ഒക്ടോബര്‍ 18ന് താന്‍ വിജയവാഡയിലുണ്ടെന്ന് സായി കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അന്ന് രാത്രിയാണ് പട്ടാമറ്റ ഡോങ്ക റോഡിലെ കടയില്‍ നിന്ന് കുപ്പിവെള്ളം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതും.
കടയിലേക്ക് പാല്‍ എത്തിക്കുന്ന ആളാണ് സായി കടയില്‍ നിന്നും കുപ്പിവെള്ളം മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കടയുടമയെ വിളിച്ച് വിവരമറിയിച്ചത്. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് കടയില്‍ നിന്നും വലിച്ചിറക്കി 33കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കൈകള്‍ പുറകിലേക്ക് കൂട്ടിക്കെട്ടി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ കൂടി മര്‍ദിക്കാന്‍ കൂടുകയായിരുന്നു. തുടര്‍ന്ന് മര്‍ദനത്തില്‍ അവശനായി ബോധം കെട്ട് വീണതോടെ അക്രമി സംഘം അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.