വന്ധ്യതാ പരിശോധനക്കെത്തിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം; അപൂര്‍വ രോഗാവസ്ഥ,300ല്‍ താഴെ പിഎംഡിഎസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
ന്യൂഡല്‍ഹി: വന്ധ്യതാ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 26കാരന്റെ ശരീരത്തിനുള്ളില്‍ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബിന് സമാനമായ ഘടനകളും കണ്ടെത്തി.
അപൂര്‍വമായ ജന്മനാ ഉണ്ടായ അവസ്ഥയാണ് പരിശോധനകളിലൂടെ കണ്ടെത്തിയത്. രാജൗരി ഗാര്‍ഡനിലെ ആര്‍.ജി. ആശുപത്രിയിലെത്തിയ യുവാവിലാണ് അപൂര്‍വ രോഗാവസ്ഥ കണ്ടെത്തിയത്.
പ്രാഥമിക വന്ധ്യതയുമായി ആശുപത്രിയിലെത്തിയ യുവാവില്‍ അസോസ്‌പെര്‍മിയ കണ്ടെത്തിയിരുന്നു. ബീജത്തില്‍ പൂര്‍ണമായും ബീജാണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് അസോസ്‌പെര്‍മിയ. ഇരുവശത്തെയും വൃഷണങ്ങള്‍ സാധാരണ സ്ഥാനത്തേക്ക് ഇറങ്ങാതിരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എംആര്‍ഐ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകളും ജനിതക പരിശോധനയും നടത്തി. പെല്‍വിസില്‍ ഗര്‍ഭപാത്രത്തിന് സമാനമായ ഘടനയും ട്യൂബ് പോലുള്ള ഘടനകളും സ്‌കാനില്‍ കണ്ടെത്തി. ജനിതക പരിശോധനയില്‍ 46,തഥ ക്രോമസോം പാറ്റേണ്‍ ആണെന്നും സ്ഥിരീകരിച്ചു.
ഇതോടെ യുവാവിന് പെര്‍സിസ്റ്റന്റ് മ്യൂളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന അപൂര്‍വ ജന്മനായുള്ള രോഗാവസ്ഥയാണെന്ന് കണ്ടെത്തുകയായിരുന്നു. സാധാരണയായി പുരുഷ ജനിതക ഘടനയുള്ളവരില്‍ ഭ്രൂണവളര്‍ച്ചയ്ക്കിടെ ഇല്ലാതാകേണ്ട മ്യൂളേറിയന്‍ ഘടനകള്‍ തുടരുന്ന അവസ്ഥയാണിത്. ഇതിന്റെ ഭാഗമായി ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബിന് സമാനമായ ഘടനകളും ശരീരത്തില്‍ നിലനില്‍ക്കാം.
വൈദ്യശാസ്ത്രത്തില്‍ 300ല്‍ താഴെ പിഎംഡിഎസ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാധാരണയായി കുട്ടിക്കാലത്ത്, പ്രത്യേകിച്ച് വൃഷണങ്ങള്‍ താഴേക്ക് ഇറങ്ങാത്തതുമായി ബന്ധപ്പെട്ട പരിശോധനകളിലാണ് ഈ അവസ്ഥ കണ്ടെത്തുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെയാണ് ഈ കേസില്‍ രോഗാവസ്ഥ കണ്ടെത്തിയത്.തുടര്‍ന്ന്, നടത്തിയ ലാപ്രോസ്‌കോപ്പിക് പരിശോധനയില്‍ ചെറിയതും പൂര്‍ണമായി വികസിക്കാത്തതുമായ ഗര്‍ഭപാത്രവും മ്യൂളേറിയന്‍ ഘടനകളും സ്ഥിരീകരിച്ചു.
വര്‍ഷങ്ങളായി വൃഷണങ്ങള്‍ വയറിനുള്ളില്‍ തുടരുകയും ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനാല്‍ വൃഷണാര്‍ബുദ സാധ്യതയും കൂടുതലായിരുന്നു. ഇതിനെ തുടര്‍ന്ന് അസാധാരണമായ മ്യൂളേറിയന്‍ ഘടനകള്‍ക്കൊപ്പം ഇരുവൃഷണങ്ങളും ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ജനിതക പരിശോധന, ലാപ്രോസ്‌കോപ്പിക് പരിശോധന, ടിഷ്യു പരിശോധന എന്നിവ സംയോജിപ്പിച്ച് നടത്തുന്നത് മറഞ്ഞുകിടക്കുന്ന ജന്മനായുള്ള വൈകല്യങ്ങളെ കണ്ടെത്താനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത തിരിച്ചറിയുന്നതിനും സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
യൂറോളജി, റേഡിയോളജി, പാത്തോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍, എന്‍ഡോക്രൈനോളജി വിഭാഗങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.