19കാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവം; SIയെ സ്ഥലംമാറ്റും

 
police

പത്തൊമ്പതുകാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തിൽ കാസർഗോഡ് വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എസ്ഐയെ സ്ഥലംമാറ്റും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടിക്ക് ഒരുങ്ങുന്നത്. എസ് ഐ അനൂപിന് കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ.


ഈ മാസം ഏഴാം തീയതിയാണ് മേനംകോട് സ്വദേശി മാജിതയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ ഇരുചക്രവാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കുന്നത്. വൈകിട്ട് ആറരയോടെ ചെങ്കളയിലെ ഫാർമസിയിലേക്ക് എത്തിയ മാജിത സ്കൂട്ടർ പാർക്ക് ചെയ്ത് ജോലിക്ക് പോയിരുന്നു. മാജിതയുടെ സഹോദരൻ സൂപ്പർമാർക്കറ്റിൽ നിന്ന് സ്കൂട്ടറിന് സമീപം എത്തിയപ്പോഴാണ് വിദ്യാനഗർ എസ് ഐ അനൂപും സംഘവും പട്രോളിങ്ങിനായി ഈ വഴി എത്തുന്നത്. മാജിതയുടെ സഹോദരൻ വാഹനം ഓടിച്ചെന്ന സംശയത്താൽ കേസെടുക്കുകയായിരുന്നു.


മാജിദയാണ് വാഹനം ഓടിച്ചതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽകുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി വൈ ബി വിജയ് ഭാരത് റെഡ്ഡി നിർദ്ദേശിച്ചു. എസ്ഐക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്.

Tags

Share this story

From Around the Web