വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കൊലപ്പെടുത്തി; മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം
 

 
crime 11


ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദില്‍ വിവാഹനിശ്ചയത്തിന്റെ തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കൈലാസിനെ പോലീസ് അറസ്റ്റ് ചെയ്തു. മാതൃസഹോദരന്റെ മകനുമായി താന്‍ പ്രണയത്തിലാണെന്ന് കല്യാണി വീട്ടുകാരെ അറിയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 25-ന് മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ, നവംബര്‍ 23-ന് വൈകിട്ടാണ് കല്യാണി തന്റെ പ്രണയബന്ധത്തെക്കുറിച്ച് മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ തര്‍ക്കമുണ്ടാവുകയും, പ്രകോപിതനായ പിതാവ് നവംബര്‍ 24-ന് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൈലാസ് ശ്രമിച്ചു. തൂങ്ങിമരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് മൃതദേഹം കെട്ടിത്തൂക്കി. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് താല്‍പര്യമില്ലാത്തതിനാല്‍ മകള്‍ ജീവനൊടുക്കിയതാണെന്നാണ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും അറിയിച്ചത്.

എന്നാല്‍, മരണം നടന്നയുടന്‍ തന്നെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് പ്രദേശവാസികളില്‍ സംശയത്തിനിടയാക്കി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകളെ താന്‍ കൊലപ്പെടുത്തിയതാണെന്ന് കൈലാസ് പോലീസിനോട് സമ്മതിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web