പൈവളിഗേ - ബായാര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ 15 കാരന് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു

 
kasargod

കാസര്‍ഗോഡ്: മഞ്ചേശ്വരം,പൈവളിഗേ  ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി.

 ഡോക്ടറുടെ കുറിപ്പടി പ്രകാരം ഈ മാസം 16 നാണ് 15 കാരന് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് ജൂലൈയില്‍ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് ഗുളിക നല്‍കിയത്. കുട്ടി ഈ മരുന്ന് നാലുദിവസം കഴിക്കുകയും ചെയ്തു. സംഭവത്തില്‍ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

കാലില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചതിനെ തുടര്‍ന്നാണ് 15 കാരനായ അഹമ്മദ് റിഫാസ് സെപ്റ്റംബര്‍ 16 ന് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ഡോക്ടര്‍ പരിശോധന നടത്തി നല്‍കിയ കുറിപ്പടി പ്രകാരം ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങി. പിന്നീട് എല്ലാ ദിവസവും മുറിവ് വെച്ച് കെട്ടാന്‍ ആശുപത്രിയില്‍ പോയിരുന്നു. 

ഗുളിക രണ്ടു നേരം വീതം നാല് ദിവസം കഴിക്കുകയും ചെയ്തു. ഇതിനിടെ റിഫാസിന്റെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരി മരുന്ന് പരിശോധിച്ചപ്പോഴാണ് വാങ്ങിയ മരുന്നില്‍ ഒന്ന് 100 എംജി യുടെ ഡോക്‌സിസൈക്ലിന്‍ ഗുളിക ജൂലൈയില്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്.

പിന്നീട് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും പറ്റിയില്ലലോ എന്നാണ് മറുപടി നല്‍കിയതെന്ന് കുടുംബം ആരോപിക്കുന്നു.

 നേരത്തെയും ഇവിടെ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി ആരോപണം ഉണ്ട്. മരുന്ന് വിതരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web