പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 15 വയസ്സുകാരിയായ ക്രൈസ്തവ പെൺകുട്ടിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി പരാതി

 
 cross-2

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 15 വയസ്സുകാരിയായ ക്രൈസ്തവ പെൺകുട്ടിയെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി പരാതി. 

ജരൻവാല സ്വദേശിയായ അഫ്സൽ ജാവേദ് മസീഹിന്റെ മകൾ സിദ്ര ബീബിയാണ് ക്രൂരതയ്ക്ക് ഇരയായത്. എന്നാൽ സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

 മാർച്ച് 27-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അലി മുർത്താസ എന്ന യുവാവും രണ്ട് കൂട്ടാളികളും ചേർന്ന് മസീഹിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയത്. മതിൽ ചാടിക്കടന്ന സംഘം തോക്കിൻമുനയിൽ സിദ്രയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഫ്സൽ മസീഹ് സിയാൽക്കോട്ടിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പരാതി നൽകിയെങ്കിലും പോലീസ് എഫ്.ഐ.ആറിൽ പെൺകുട്ടിയുടെ പ്രായം 17 വയസ്സെന്ന് തെറ്റായി രേഖപ്പെടുത്തി. സിദ്രയ്ക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് നിലവിലുണ്ട്.

സിദ്ര സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും വിവാഹിതയായെന്നും കാണിക്കുന്ന രേഖകൾ പ്രതികൾ ഹാജരാക്കി. സോഷ്യൽ മീഡിയയിലൂടെ ആകൃഷ്ടയായാണ് മതം മാറിയതെന്നാണ് രേഖകളിലുള്ളത്. "എന്റെ മകൾ സ്കൂളിൽ പോയിട്ടില്ല, ഞങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ പോലുമില്ല. പിന്നെങ്ങനെ അവൾ സോഷ്യൽ മീഡിയ വഴി മതം മാറും?" എന്ന് പിതാവ് ചോദിക്കുന്നു. 

വിവാഹ സർട്ടിഫിക്കറ്റിൽ പെൺകുട്ടിയുടെ  തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഇത് നിയമവിരുദ്ധമാണ്.

പഞ്ചാബ് ചൈൽഡ് മാര്യേജ് റീസ്ട്രെയിന്റ് ഓർഡിനൻസ് 2026 പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയമവിരുദ്ധമാണ്. 

എന്നിട്ടും കോടതികൾ പലപ്പോഴും പെൺകുട്ടികളുടെ നിർബന്ധിത മൊഴികൾ കണക്കിലെടുത്ത് ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചു കൊടുക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ ലാസർ അള്ളാ രക്ഷ ചൂണ്ടിക്കാട്ടി.

 "പോലീസ് പലപ്പോഴും പ്രതികൾക്ക് രക്ഷപെടാൻ പഴുതുകളുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തുന്നത്. ഇത് രാജ്യത്ത് കുറ്റവാളികൾക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്നുവെന്ന് അഡ്വ. ലാസർ അള്ളാ രക്ഷ പറയുന്നു. 


ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ  പാകിസ്താൻ എട്ടാം സ്ഥാനത്താണ്.

മതന്യൂനപക്ഷങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യം വെച്ചുള്ള തട്ടിക്കൊണ്ടുപോകലുകളും നിർബന്ധിത വിവാഹങ്ങളും പാകിസ്താനിൽ തുടർക്കഥയാവുകയാണ്.

Tags

Share this story

From Around the Web