പെറുവില്‍ ലെയോ പാപ്പയുടെ 14 മീറ്റര്‍ ഉയരമുള്ള ബൃഹത്തായ പ്രതിമ നിര്‍മ്മിക്കുന്നു. ഒരു മാര്‍പാപ്പയുടെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ ശില്‍പം
വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി പെറുവിലെ പ്രമുഖ തുറമുഖ നഗരമായ കയാവോയില്‍ 14 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നു. പെറുവില്‍ ഒരു മാര്‍പാപ്പയുടെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ ശില്‍പമായിരിക്കും ഇത്.
വരാനിരിക്കുന്ന പാപ്പയുടെ പെറുവിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി, നവംബര്‍ ആദ്യവാരത്തോടെ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പസഫിക് സമുദ്രതീരത്തെ 'കോസ്റ്റ വേര്‍ഡേ' തീരദേശ മേഖലയില്‍ നിര്‍മ്മിക്കുന്ന 'ഗാ ഏലിറ്റോ' പാര്‍ക്കിലായിരിക്കും ഈ ബൃഹത്തായ സ്മാരകം ഉയരുക. ഇരു കൈകളും നീട്ടി കയാവോ നഗരത്തെ അനുഗ്രഹിക്കുന്ന രൂപത്തിലാണ് 14 മീറ്റര്‍ ഉയരമുള്ള ഈ ശില്‍പം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കടല്‍ക്കാറ്റിനെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള മാര്‍ബിള്‍ ഫിനിഷിംഗോടെയായിരിക്കും നിര്‍മ്മാണം.
ലെയോ പതിനാലാമന്‍ പാപ്പ തന്റെ ആദ്യ തെക്കേ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി നവംബര്‍ 11 മുതല്‍ 16 വരെ പെറു സന്ദര്‍ശിക്കുന്നുണ്ട്. ഈ യാത്രാവേളയിലാണ് പ്രവിശ്യയില്‍ പാപ്പയ്ക്കായി ഈ ആദരവ് ഒരുക്കുന്നത്.
മാര്‍പാപ്പയാകുന്നതിന് മുന്‍പ് റോബര്‍ട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ ദീര്‍ഘകാലം പെറുവില്‍ മിഷനറിയായും മെത്രാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കയാവോ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച പാപ്പ ഇവിടത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമേകിയിരുന്നു.