10 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 1448 രൂപ. പാചകവാതകം  പ്ലാസ്റ്റിക് സിലിന്‍ഡറില്‍ തരും

 
SYLINDER

കൊച്ചി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുതിയ പാചകവാതക കണക്ഷന്‍ നല്‍കുന്നില്ലെന്ന പരാതിക്കിടെ പ്ലാസ്റ്റിക് സിലിന്‍ഡറുമായി എണ്ണക്കമ്പനികള്‍ രംഗത്ത്. വില കൂടുതലുള്ള 10 കിലോ സിലിന്‍ഡറുകള്‍ നല്‍കാനുള്ള നടപടികളായി.

കണക്ഷന്‍ നല്‍കുമ്പോള്‍ത്തന്നെ സിലിന്‍ഡറിന്റെ വിലയായി 3300 രൂപ ഈടാക്കും. ഇത് തിരികെ ലഭിക്കില്ല. നിലവില്‍ ഉപയോഗിക്കുന്ന ലോഹ സിലിന്‍ഡര്‍ കണക്ഷന് ഈടാക്കിയിരുന്നത് 2200 രൂപ മാത്രമാണ്. കണക്ഷന്‍ വേണ്ടെങ്കില്‍ പണം തിരിച്ചുകിട്ടിയിരുന്നു.

'ഫ്രീ ട്രേഡ് എല്‍.പി.ജി.' എന്ന പേരിലാണ് 10 കിലോഗ്രാമിന്റെ പ്ലാസ്റ്റിക് സിലിന്‍ഡര്‍ വിപണിയിലിറക്കുന്നത്. ഭാരംകുറവായതിനാല്‍ എളുപ്പം എടുത്തുപൊക്കാം, കാണാനും ആകര്‍ഷകമാണ്. നിലവിലുള്ള 14 കിലോഗ്രാം സാധാരണ സിലിന്‍ഡറിന് 949 രൂപയാണ് വില. അതേസമയം, 10 കിലോഗ്രാമിന്റെ പുതിയ സിലിന്‍ഡറിന് ഏതാണ്ട് 1448 രൂപ വരും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പാചകവാതക ക്ഷാമമുണ്ടായപ്പോഴാണ് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. കണക്ഷന്‍ നല്‍കുന്നത് എന്ന് പുനരാരംഭിക്കുമെന്ന് വിതരണക്കമ്പനികള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. രണ്ടാംസിലിന്‍ഡറിനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല

പുതിയ കണക്ഷന്‍ ലഭിക്കാതെ വലയുന്നവര്‍ സബ്സിഡിയില്ലാതെ പ്ലാസ്റ്റിക്ക് സിലിന്‍ഡറിലേക്ക് വേഗത്തില്‍ വീഴുമെന്നാണ് എണ്ണക്കമ്പനികളുടെ കണക്കുകൂട്ടല്‍. പാചകവാതക സബ്സിഡി ബാധ്യതയില്‍നിന്ന് തലയൂരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്നും ആരോപണമുണ്ട്.

Tags

Share this story

From Around the Web