2025 ഓണം വാരാഘോഷ സമാപന ഘോഷയാത്രക്ക് നിറവേകാൻ 91 കലാരൂപങ്ങൾ

തിരുവനന്തപുരം : വിനോദസഞ്ചാര വകുപ്പ് സെപ്റ്റംബർ 9 ന് തലസ്ഥാന നഗരിയിൽ ഒരുക്കുന്ന ഓണം ഘോഷയാത്രയിൽ വർണ്ണ വൈവിധ്യങ്ങളും, ആട്ടവും പാട്ടുമായി 91 കലാരൂപങ്ങൾ അണിനിരക്കും. കേരളീയതയുടെ സംസ്കൃതി പ്രകാശിപ്പിക്കുന്ന അനുഷ്ഠാന കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, ക്ളാസിക്കൽ കലാരൂപങ്ങൾ, പുതുകാലത്തിന്റെ ജനകീയകലകൾ എന്നീ അവതരണങ്ങൾക്കൊപ്പം കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ 8 ഇന്ത്യൻ സംസ്ഥാനങ്ങളായ ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക. തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ ഗ്രാമീണ കലകളും നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയത്തെ മുൻനിർത്തി ഘോഷയാത്രയിൽ ഒത്തുചേരും.
ഇന്ത്യയിലെ 8 ക്‌ളാസിക്കൽ നൃത്ത രൂപങ്ങൾ കേരളത്തിന്റെ മുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാളനൃത്തം, മംഗലംകളി, ഇരുളനൃത്തം, രുധിരക്കോലം, അലാമിക്കളി, വനിതാകോൽക്കളി, പാവപ്പൊലിമകൾ, ട്രാൻസ്ജെൻഡേഴ്സിന്റെ സംഘം അവതരിപ്പിക്കുന്ന അർദ്ധനാരീനൃത്തം, മുറം ഡാൻസ്, ഉലക്ക ഡാൻസ്,പള്ളിവാൾനൃത്തം മാവേലിയും ഓണപ്പാട്ടുകളും, പുലികളി, കുമ്മാട്ടി, വേലകളി, ഓണപ്പൊട്ടൻ, കാളയും തേരും, കമ്പേറ്, മയൂര നൃത്തം 10 അടി ഉയരമുള്ള കാരിക്കേച്ചർ രൂപങ്ങൾ, ശലഭ, അരയന്ന, മുയൽ നൃത്തങ്ങൾ തുടങ്ങി ഒരു കാലഘട്ടത്തിന്റെ ഓർമ്മയായ സൈക്കിൾ യജ്ഞമടക്കം 91 വൈവിധ്യമാർന്ന കലാരൂപങ്ങളും ആയിരത്തോളം കലാപ്രതിഭകളും വർണ്ണാഭമായ ഘോഷയാത്രയിൽ അണിനിരക്കും.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പകിട്ടാർന്ന ഘോഷയാത്ര ഓണം 2025 കൊട്ടിക്കലാശ വൈബിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കും. സെപ്റ്റംബർ 9 ന് വൈകുന്നേരം വെള്ളയമ്പലം രാജ് ഭവന് മുന്നിലായി ഓണം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുകൊണ്ട് 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാനിധ്യത്തിൽ . ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും