ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ നടപടി വേണം: ആവശ്യവുമായി 86 ഫ്രഞ്ച് സെനറ്റര്‍മാര്‍ രംഗത്ത്

പാരീസ്: ഫ്രാന്‍സില്‍ വര്‍ദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 86 ഫ്രഞ്ച് സെനറ്റര്‍മാര്‍ പൊതു അപ്പീലില്‍ ഒപ്പുവച്ചു.
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഹൗട്ട്-സാവോയിയിലെ സെനറ്റര്‍ സില്‍വിയാന്‍ നോയലിന്റെ നേതൃത്വത്തിലാണ് വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സെനറ്ററുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ദേവാലയങ്ങള്‍ അശുദ്ധമാക്കല്‍, തീവയ്പ്പ്, ശാരീരിക ആക്രമണം തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക ദിനപത്രങ്ങളോ സോഷ്യല്‍ മീഡിയയോ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരാഴ്ചപോലും കടന്നുപോകുന്നില്ലായെന്നു അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 322 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ആരാധനാലയങ്ങളിലെ വിശുദ്ധ വസ്തുക്കളുടെ മോഷണവും രണ്ട് വര്‍ഷത്തിനുള്ളില്‍ 20% ത്തിലധികം വര്‍ദ്ധിച്ചു. 2022-ല്‍ 633 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024-ല്‍ 820 കേസുകളാണ് ഉണ്ടായിരിക്കുന്നത്.
2016-ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഇസ്ലാമിക തീവ്രവാദി ഫാ. ജാക്വസ് ഹാമല്‍ എന്ന വയോധിക വൈദികനെ അള്‍ത്താരയില്‍വെച്ച് കഴുത്ത് അറത്ത് കൊലപ്പെടുത്തിയ ദാരുണമായ കൊലപാതക സംഭവം ഉള്‍പ്പെടെയുള്ളവ സെനറ്ററുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ രാഷ്ട്രീയ, മാധ്യമ വൃത്തങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയെ സെനറ്റര്‍മാര്‍ അപലപിച്ചു.
മറ്റ് മത വിശ്വാസങ്ങള്‍ക്കു നേരെ എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടനടി ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടാകുന്നുവെന്നും വിപുലമായ മാധ്യമ കവറേജ് അതിനു നല്‍കുന്നുണ്ടെന്നും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ നിശബ്ദതയാണെന്നും സെനറ്ററുമാര്‍ ചൂണ്ടിക്കാട്ടി.
ക്രൈസ്തവരുടെ ഈറ്റില്ലമായിരിന്ന യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് നേരെത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.