മോദിയെ കാണാനെത്തി 81-കാരനായ പഴയ സഹപാഠി, ഭൂമിത്തര്‍ക്കത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
മുംബൈ: പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരേ സ്‌കൂളില്‍ പഠിച്ച സഹപാഠിയെ വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുംബൈയിലെ മിറാ റോഡ് സ്വദേശിയായ 81-കാരന്‍ അസ്ഗറലി വോറയാണ് ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയുമായി പ്രധാനമന്ത്രിയെ സമീപിച്ചത്. കേസില്‍ കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഗുജറാത്തിലെ വദ്നഗറിലെ ബി.എന്‍. സ്‌കൂളിലാണ് നരേന്ദ്ര മോദിയും വോറയും സഹപാഠികളായി പഠിച്ചതെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സഹപാഠിയെ നേരില്‍ക്കാണാന്‍ കഴിഞ്ഞ സന്തോഷത്തിനൊപ്പം, താന്‍ നേരിടുന്ന ഭൂമിത്തര്‍ക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യവും പ്രധാനമന്ത്രിക്ക് മുന്നില്‍ വോറ മുന്നോട്ടുവച്ചു.
മിറാ റോഡിലെ ഭയന്ദര്‍ ഈസ്റ്റില്‍ സ്ഥിതി ചെയ്യുന്ന 2,810 ചതുരശ്ര മീറ്റര്‍ ഭൂമിയെച്ചൊല്ലിയാണ് തര്‍ക്കം. 1989-ല്‍ രജിസ്റ്റര്‍ ചെയ്ത കരാറിന്റെ അടിസ്ഥാനത്തില്‍ ഭൂമി സ്വന്തമാക്കിയതാണെന്നാണ് വോറയുടെ അവകാശവാദം.
എന്നാല്‍, പിന്നീട് ഭൂമിയില്‍ കൈയേറ്റം നടന്നതായും വ്യാജരേഖകള്‍ ഉപയോഗിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ചതായും അദ്ദേഹം ആരോപിക്കുന്നു. 2011-ല്‍ സ്വയം ബില്‍ഡേഴ്സും ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്തയുമായി ബന്ധമുള്ള സെവന്‍ ഇലവന്‍ കണ്‍സ്ട്രക്ഷന്‍സുമാണ് ഭൂമി കൈയേറിയത്.
ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 2015-ല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നാണ് വോറയുടെ പരാതി. കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഇടപെടലാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വിഷയത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ സെപ്റ്റംബര്‍ 16-ന് വാദം കേള്‍ക്കല്‍ നിശ്ചയിച്ചതായാണ് വിവരം.
തന്റെ വ്യക്തിപരമായ പരിചയം ഉപയോഗിച്ച് അനുകൂല തീരുമാനം നേടുക എന്നതിലുപരി, വര്‍ഷങ്ങളായി തുടരുന്ന ഭൂമിത്തര്‍ക്കത്തില്‍ കേന്ദ്രതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് വോറ പിന്നീട് പറഞ്ഞു.