വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ 800-ാം ചരമവാര്‍ഷികം: ചരിത്രപരമായ ആഘോഷങ്ങള്‍ക്കു അസ്സീസി ഒരുങ്ങി

 
assissi

അസ്സീസി: ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ 800-ാം ചരമവാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇറ്റലിയിലെ അസ്സീസി നഗരം ഒരുങ്ങുന്നു. 

ഒക്ടോബര്‍ 3, 4 തീയതികളിലായി നടക്കുന്ന ചരിത്രപരമായ തിരുനാള്‍ ആഘോഷങ്ങളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കാന്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അസ്സീസിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4-ന്, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തറെല്ലയും നഗരത്തിലെത്തും. 

അസ്സീസിയിലെ ബസിലിക്കകള്‍ക്കായുള്ള മാര്‍പാപ്പയുടെ പ്രതിനിധിയായ കര്‍ദ്ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമിന്റെ സാന്നിധ്യത്തില്‍, ബൊളോഗ്‌ന ആര്‍ച്ച് ബിഷപ്പും ഇറ്റാലിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തെയോ മരിയ സുപ്പി വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കുന്ന തിരുക്കര്‍മ്മങ്ങളും പ്രാര്‍ത്ഥനാ സംഗമങ്ങളും വരും ദിവസങ്ങളില്‍ അസ്സീസിയില്‍ നടക്കും.

 സമാധാനവും സാഹോദര്യവും മുഖ്യപ്രമേയമാക്കിയാണ് ഇത്തവണത്തെ അനുസ്മരണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 

സെപ്റ്റംബര്‍ 24-ന് ആരംഭിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ 5 വരെ നീണ്ടുനില്‍ക്കും. ആരാധനാപരമായ ചടങ്ങുകള്‍ക്ക് പുറമേ, സാംസ്‌കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഈ നാളുകളില്‍ നടത്തപ്പെടും. 1226 ഒക്ടോബര്‍ 3-നാണ് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

Tags

Share this story

From Around the Web