അടച്ചിട്ട കാറില്‍ 8 മണിക്കൂര്‍. താപനില 46 ഡിഗ്രി.ഡോക്ടറായ മുത്തശ്ശിയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് കുരുന്നിന്റെ ജീവന്‍
ഡേകെയറിലാക്കാന്‍ മറന്ന് മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദാരുണമായി മരിച്ചു.
അമേരിക്കലെ കെന്റക്കിയിലുള്ള മാഡിസണ്‍വില്ലയിലാണ് മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ഈ ദുരന്തം നടന്നത്. 61 കാരിയായ ഡോ. സ്റ്റേസി ഫാസെന്‍ബേക്കര്‍ എന്ന മുത്തശ്ശിയുടെ അശ്രദ്ധയിലാണ് സ്‌കോട്ടി ഗ്വിന്‍ ക്രോവല്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവന്‍ പൊലിഞ്ഞത്.
താന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ക്ലിനിക്കിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ എട്ട് മണിക്കൂറോളമാണ് കുഞ്ഞ് അനങ്ങാന്‍ പോലുമാകാതെ കിടന്നത്.
ഓഗസ്റ്റ് 13-നായിരുന്നു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാമെന്ന് ഏറ്റാണ് മുത്തശ്ശി ഡോ. സ്റ്റേസി പേരക്കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഡേകെയറിലേക്ക് പോകുന്നതിന് പകരം ഇവര്‍ നേരെ താന്‍ ജോലി ചെയ്യുന്ന ക്ലിനിക്കിലേക്ക് വണ്ടിയോടിച്ചു പോവുകയായിരുന്നു.
പിന്‍സീറ്റില്‍ കുഞ്ഞുണ്ടെന്ന കാര്യം പൂര്‍ണ്ണമായും മറന്ന ഡോക്ടര്‍, കാര്‍ പാര്‍ക്ക് ചെയ്ത ശേഷം റൂട്ടീന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
അന്ന് പ്രദേശത്ത് 35 ഡിഗ്രി സെല്‍ഷ്യസ് (95 ഡിഗ്രി ഫാരന്‍ഹീറ്റ്) ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അടച്ചിട്ട കാറിനുള്ളിലെ താപനില ഭയാനകമായ വിധം 46 ഡിഗ്രി സെല്‍ഷ്യസ് (115 ഡിഗ്രി ഫാരന്‍ഹീറ്റ്) വരെ ഉയര്‍ന്നതായി വി.ഇ.എച്ച്.ടി ടിവി വാര്‍ത്താ സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ പിതാവ് അവളെ കൂട്ടിക്കൊണ്ടുപോകാന്‍ ഡേകെയറിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. രാവിലെ കുഞ്ഞിനെ അവിടെ ആരും കൊണ്ടുവന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ പിതാവ് പരിഭ്രാന്തനായി അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് വിവരമറിഞ്ഞ മുത്തശ്ശിയും മറ്റ് സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും പ്രാഥമിക ജീവന്‍ രക്ഷാ നടപടികള്‍ സ്വീകരിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ മാഡിസണ്‍വില്ല പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനകളില്‍ മുത്തശ്ശി മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് മേജര്‍ ജേസണ്‍ മക്‌നൈറ്റ് വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പാണ് മകള്‍ സിഡ്നി ക്രോവലിനും കുടുംബത്തിനും ഒപ്പം താമസിക്കാനായി ഡോ. സ്റ്റേസി മാഡിസണ്‍വില്ലയിലേക്ക് താമസം മാറിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിച്ച തങ്ങളുടെ രണ്ടാമത്തെ കണ്‍മണിയുടെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് മാതാപിതാക്കളായ സിഡ്നിയും ഭര്‍ത്താവും.