മറവിരോഗം ബാധിച്ച 93കാരിക്ക് തുണയായി 76കാരിയായ സഹോദരി; ഗാര്‍ഡിയനായി നിയമിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി:അല്‍ഷിമേഴ്‌സ് ബാധിച്ച് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത 93കാരിയായ അവിവാഹിതയുടെ ഗാര്‍ഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രോഗിക്ക് സാധിക്കാത്ത സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്.
കോമയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ഗാര്‍ഡിയനെ നിയമിക്കാന്‍ വിവിധ നിയമങ്ങളുണ്ടെങ്കിലും, മറവിരോഗം ബാധിച്ചവരുടെ കാര്യത്തില്‍ നിലവിലെ നിയമങ്ങളില്‍ വ്യക്തമായ വ്യവസ്ഥകളില്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഗാര്‍ഡിയനായി നിയമിക്കപ്പെട്ട സഹോദരി പണം എങ്ങനെ വിനിയോഗിക്കുന്നു എന്നത് സംബന്ധിച്ച് ആറ് മാസത്തിലൊരിക്കല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പണം നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗാര്‍ഡിയന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നതായി പരാതിയുണ്ടെങ്കില്‍ ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ കോടതിയെ സമീപിക്കാവുന്നതാണ്. കൂടാതെ, രോഗിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചാല്‍ മുന്‍കൂട്ടി കോടതിയെ അറിയിക്കണം.