ഫുള്‍ട്ടണ്‍ ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് 75,000 ജപമാലകള്‍; ദൗത്യവുമായി അമേരിക്കന്‍ സന്യാസിനികള്‍
ടെക്‌സാസ്: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കര്‍മത്തില്‍ വിതരണം ചെയ്യാനുള്ള ജപമാലയുടെ നിര്‍മ്മാണവുമായി സന്യാസിനികള്‍.
മുക്കാല്‍ ലക്ഷത്തോളം ജപമാലകളാണ് വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ തയാറാക്കുന്നത്. സെപ്റ്റംബര്‍ 24-ന് നടക്കുന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ജപമാലകള്‍ വിതരണം ചെയ്യാനാണ് പദ്ധതി.
1951-ല്‍, ആര്‍ച്ച് ബിഷപ്പ് ഷീനാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ ദേശീയ ഡയറക്ടറായിരിക്കെ, ലോകമെമ്പാടുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് മിഷന്‍ ജപമാല രൂപകല്‍പ്പന ചെയ്തത്. ഇതിലെ അഞ്ച് ദശകങ്ങള്‍ ലോകത്തിന്റെ അഞ്ച് മേഖലകളെ പ്രതിനിധീകരിക്കുന്നു. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് യു.എസ്.എയുടെ ഇപ്പോഴത്തെ ദേശീയ ഡയറക്ടര്‍ മോണ്‍. റോജര്‍ ലാന്‍ഡ്രിയുടെ അംഗീകാരത്തോടെ രാജ്യത്തെ നിരവധി കോണ്‍വെന്റുകള്‍ ജപമാല നിര്‍മ്മിക്കുവാനുള്ള ആഹ്വാനത്തിന് മറുപടി പകര്‍ന്ന് ഇന്നു പ്രവര്‍ത്തനനിരതരാണ്.
ഏകദേശം 39.75 ലക്ഷം മുത്തുകള്‍ കൈകൊണ്ട് കോര്‍ത്ത് 75,000 ജപമാലകള്‍ തയ്യാറാക്കേണ്ട വലിയ ദൗത്യമാണ് സന്യാസിനികള്‍ നിര്‍വ്വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിനി സമൂഹങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്. വരുന്ന സെപ്റ്റംബര്‍ 24ന് മിസ്സോറിയിലെ സെന്റ് ലൂയിസിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടക്കുന്നത്. ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച്, സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആയ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്‌ളെയാണ് ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുക.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത ''ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്'' എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.