ഒരു വര്‍ഷത്തിനിടെ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങള്‍
ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രൈസ്തവര്‍ തീവ്രഹിന്ദുത്വവാദികളില്‍ നിന്നു നേരിടുന്ന ക്രൂരമായ മതപീഡനത്തിന്റെ നേര്‍ച്ചിത്രവുമായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഋഎക) പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
2025 വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 747 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇഎഫ്ഐ വ്യക്തമാക്കി. ഇന്നലെ മാര്‍ച്ച് 24ന് ന്യൂഡല്‍ഹിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ - ശത്രുത, ഭീഷണി, അക്രമം, വിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
രാജ്യവ്യാപകമായുള്ള നെറ്റ്വര്‍ക്ക് വഴി ലഭിച്ച 915-ലധികം റിപ്പോര്‍ട്ടുകളില്‍ നിന്നു 747 കേസുകള്‍ എടുത്തതെന്നും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചുറപ്പിച്ചതിന് ശേഷമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ തുടര്‍ച്ചയാണ് വിവിധ ഇടങ്ങളില്‍ നടക്കുന്നതെന്നും പ്രാര്‍ത്ഥനാ യോഗങ്ങളും ദേവാലയ ശുശ്രൂഷകളും തടസ്സപ്പെടുത്തല്‍, വൈദികര്‍ക്കും വചനപ്രഘോഷകര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ഭീഷണികള്‍, മതപരിവര്‍ത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യാജ പരാതികള്‍, ബലപ്രയോഗത്തിന്റെയും ശാരീരിക അക്രമത്തിന്റെയും സംഭവങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉത്തര്‍പ്രദേശിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ഛത്തീസ്ഗഢ്.
റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട സംഭവങ്ങളാണെന്നും ഭയം, സാമൂഹിക സമ്മര്‍ദ്ദം അല്ലെങ്കില്‍ നിയമപരമായ പരിഹാരങ്ങള്‍ക്കുള്ള പരിമിതി എന്നിവ മൂലം നിരവധി കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നും ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ വ്യക്തമാക്കി.