വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍
ലണ്ടന്‍: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ 'ഓപ്പണ്‍ ഡോഴ്സ്' 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്.
കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്.
നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം.
ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.ലോകത്താകമാനം 38.8 കോടി ക്രൈസ്തവര്‍ കടുത്ത പീഡനങ്ങളോ വിവേചനങ്ങളോ നേരിടുന്നുണ്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പീഡനം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 80 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തരകൊറിയയാണ് ഒന്നാം സ്ഥാനത്ത്.
സൊമാലിയ, യെമന്‍, സുഡാന്‍, എറിത്രിയ, സിറിയ, നൈജീരിയ പാകിസ്ഥാന്‍, ലിബിയ, ഇറാന്‍ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്.