നൈജീരിയയില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍

അനാംബ്ര: നൈജീരിയയില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.
2025 ജനുവരി 1 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള 220 ദിവസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സംഘടന പുറത്തുവിട്ടത്.
7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
2009 മുതല്‍ 1,25,009 ക്രൈസ്തവരും, 60,000 മിതവാദികളായ ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ 1,85,009 പേര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 19,100 ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
ക്രൈസ്തവര്‍ കൂടുതലായി അധിവസിച്ച 600 ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ നാമാവശേഷമായെന്നും നിരവധി വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോയതായും സംഘടന ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ടെന്നും, പ്രതികളെ പിടികൂടാതെ ഇരകളെ അറസ്റ്റ് ചെയ്യുന്നതാണ് രാജ്യത്തു നടക്കുന്നതെന്നും സംഘടന ചെയര്‍മാന്‍ എമേക്ക ഉമേഗ്ബലാസി ആരോപിച്ചു. 250 കത്തോലിക്ക വൈദികരും 350 പാസ്റ്റര്‍മാരും ഉള്‍പ്പെടെ 600 ക്രൈസ്തവ നേതൃ നിരയിലുള്ളവരെ തട്ടിക്കൊണ്ടുപോയിരിന്നു.
2010 മുതല്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളും വിശ്വാസപരമായ അസഹിഷ്ണുതയും മറ്റും നിരീക്ഷിക്കുന്ന സംഘടനയാണ് ഇന്റര്‍സൊസൈറ്റി. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികള്‍ എന്നിവരാണ് ക്രൈസ്തവര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.