പണമിടപാട് സ്ഥാപന ഉടമയറിയാതെ കൂട്ടുകാരിയ്ക്ക് നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാതെ ജീവനക്കാരി ജീവനൊടുക്കി
വെങ്ങാനൂർ: ധനകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി എടുത്ത 70 പവൻ സ്വർണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മനോവിഷമത്തിലായ ജീവനക്കാരി വിഷം കഴിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. ഒപ്പം വിഷം കഴിച്ച സുഹൃത്തും സഹപ്രവർത്തകയുമായ വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിഴിഞ്ഞത്തെ സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഐശ്വര്യ അമരിവിള ശാഖയിലെ ജീവനക്കാരിയുമാണ്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിന് പണയം വെക്കുന്നതിനായി ഇവർ സ്ഥാപനത്തിലെ സ്വർണം നിയമവിരുദ്ധമായി മറിച്ചുനൽകുകയായിരുന്നു. എന്നാൽ, നിശ്ചയിച്ച സമയത്തിനുള്ളിൽ സ്വർണം തിരികെ നൽകാൻ സിന്ധു തയ്യാറായില്ല.
ഇതിനിടയിൽ, പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി യഥാർത്ഥ ഉടമകൾ സ്ഥാപനത്തിൽ എത്തിത്തുടങ്ങി. ഇതോടെ അഞ്ജുവും ഐശ്വര്യയും വലിയ പ്രതിസന്ധിയിലായി. കടം വാങ്ങിയും മറ്റും ചില ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തി തടിയൂരാൻ ഇവർ ശ്രമിച്ചെങ്കിലും, അധികം വൈകാതെ സ്ഥാപന ഉടമ തട്ടിപ്പ് വിവരം അറിയുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ മാനസികമായി തകർന്ന ഇരുവരും കഴിഞ്ഞ മാസം 30-ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അഞ്ജു ശനിയാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
വിഷയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്വർണം കൈപ്പറ്റിയ സുഹൃത്തിനെക്കുറിച്ചും സ്ഥാപനത്തിൽ നടന്ന തിരിമറിയെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണ്.