ഇറാഖിൽ തീപിടുത്തത്തിൽ 70 മരണം: അനുശോചനം അറിയിച്ച് ലെയോ പതിനാലാമൻ പാപ്പാ

ഇറാഖിലെ അൽ കുത്തിൽ കോർണിചെ ഹൈപ്പർ മാർക്കറ്റിലെ അഞ്ചു നിലകെട്ടിടത്തിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ അനുശോചനം അറിയിച്ച് ലെയോ പതിനാലാമാൻ പാപ്പ. ജൂലൈ 16 ന് ഉണ്ടായ ഈ അഗ്നിബാധ എഴുപതോളം പേരുടെ ജീവനാണ് അപഹരിച്ചത്. പാപ്പയുടെ അനുശോചനം അറിയിക്കുന്ന ടെലഗ്രാം സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ഒപ്പിട്ട് അയച്ചത്.
ഈ ദുരന്തത്തിൽ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്ന കുടുംബങ്ങളോടുളള ആത്മീയഅടുപ്പം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇറാക്കിന്റെ തലസ്ഥാനനഗരമായ ബാഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് അപകടം നടക്കുന്നത്. ഇവിടെ ഒരാഴ്ച മുമ്പാണ് കോർണിചെ ഹൈപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇറാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തീപിടുത്ത ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അതിവേഗ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.