68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപം തെളിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. പി.ടി. ഉഷ എം.പിയിൽനിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്.
കോഴിക്കോട് എൻഐടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൽ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ആദ്യത്തെ വലിയ കായികമേളയാണിത്.
മേളയുടെ ഭാഗമായി ജില്ലയിലെ പത്ത് വേദികളിലായി വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രധാന ഇനമായ അത്‌ലറ്റിക്സ് 27 മുതൽ 31 വരെ ചാത്തമംഗലം എൻഐടി കാമ്പസിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ മാറ്റുരയ്ക്കും. 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും.
കാസര്‍ഗോട്ടുനിന്ന് 23ന് ആരംഭിച്ച ദീപശിഖ പ്രയാണം കണ്ണൂര്‍, വയനാട് ജില്ലകളിലെ ഒമ്പത് സ്‌കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് കോഴിക്കോട്ട് എത്തിയത്. സ്വര്‍ണക്കപ്പ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 16 സ്‌കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് കോഴിക്കോട്ട് എത്തിയത്.