വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ; പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെത്തുടര്‍ന്നാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്.