കട്ടപ്പുറത്ത് 665 ബസുകള്‍, ബാധ്യത 20,000 കോടി കടന്നു; കെഎസ്ആര്‍ടിസിയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

 
PALAKKAD KSRTC

സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥയും വന്‍ സാമ്പത്തിക ബാധ്യതയും വെളിപ്പെടുത്തുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. 2026 സെപ്റ്റംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം സ്വിഫ്റ്റ് ഉള്‍പ്പെടെ ആകെ 5,755 ബസുകളാണ് കെഎസ്ആര്‍ടിസിയുടെ പക്കലുള്ളത്. എന്നാല്‍ ഇതില്‍ 665 ബസുകള്‍ കട്ടപ്പുറത്താണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് അഷറഫ് എ എസിന് ലഭിച്ച ഔദ്യോഗിക മറുപടി വ്യക്തമാക്കുന്നു. അപകടങ്ങളെ തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ക്കായും ഫിറ്റ്‌നസ് റിപ്പയറുകള്‍ക്കായും വര്‍ക്ക്‌ഷോപ്പുകളില്‍ കിടക്കുന്നവയില്‍ 281 ഓര്‍ഡിനറി ബസുകളും 50 ഫാസ്റ്റ് പാസഞ്ചറുകളും ഉള്‍പ്പെടുന്നു. കൂടാതെ ഏഴ് ബസുകള്‍ പോലീസ് കസ്റ്റഡിയിലാണ്.

സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും കാലപ്പഴക്കം ചെന്നവയാണെന്നും രേഖകള്‍ സ്ഥിരീകരിക്കുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 1,892 ഓര്‍ഡിനറി ബസുകളും 22 ജെന്റം വോള്‍വോ ലോ ഫ്‌ലോര്‍ എസി ബസുകളും ഉള്‍പ്പെടെ ആകെ 1,914 വാഹനങ്ങളാണ് നിരത്തിലുള്ളത്. അറ്റകുറ്റപ്പണികള്‍ അധികം ആവശ്യമായി വരുന്ന പഴഞ്ചന്‍ ബസുകള്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് ലേലം ചെയ്യുന്നത്. എം/എസ് എം.എസ്.ടി.സി മുഖേന നിലവില്‍ 82 ബസുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.


സ്ഥാപനത്തിന്റെ ഭീമമായ സാമ്പത്തിക ബാധ്യതകളുടെ വിവരങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. സിഎജി ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കെഎസ്ആര്‍ടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടി രൂപയിലധികമാണ് (2,01,57,07,66,549.65 രൂപ). വാടകയിനത്തിലും മറ്റുമുള്ള വരുമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഡിപ്പോകളിലെ ഓഫീസുകളില്‍ നേരിട്ടെത്തി പരിശോധിക്കാമെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

Tags

Share this story

From Around the Web