കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതേതര ഭാരതത്തിനും ജനാധിപത്യ സംവിധാനത്തിനും കളങ്കം: കത്തോലിക്ക കോണ്‍ഗ്രസ്

ചങ്ങനാശേരി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസ സഭാംങ്ങളായ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സീസ്, സിസ്റ്റര്‍ പ്രീതി മേരി എന്നീ മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് മതേതര ഭാരതത്തിനും ജനാധിപത്യ സംവിധാനത്തിനും കളങ്കമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധിനി 2കെ25 വനിതാ നേതൃസംഗമം പറഞ്ഞു.
ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ സന്യാസിനികള്‍ നടത്തുന്ന ത്യാഗപൂര്‍ണമായ ശുശ്രൂഷകളെ അവഗണിച്ചും ബോധപൂര്‍വം കണ്ടില്ലെന്നു നടിച്ചും അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുവാനുള്ള നീതി രഹിതവും കിരാതവുമായ നടപടി ഏതു സംഘടനയുടെ ഭാഗത്തു നിന്നുണ്ടായാലും അത് അപലപനീയമാണെന്നും യോഗം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ഷിജി ജോണ്‍സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ മാര്‍ഗ നിര്‍ദേശ പ്രസംഗവും ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു മുഖ്യപ്രഭാഷണവും നടത്തി. ബിനു ഡൊമിനിക്, റോസിലിന്‍ കുരുവിള, ജെസി ആന്റണി, സിനി പ്രിന്‍സ്, സിസി അമ്ബാട്ട്, ലിസി ജോസ്, മിനി മാത്യു, ഷേര്‍ളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ സെലിന്‍ ജോസഫ് എസ്ഡി (ഡയറക്ടര്‍, മേഴ്സി ഹോം ചെത്തിപ്പുഴ), ബിന്‍സി സെബാസ്റ്റ്യന്‍ (കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍), ലൗലി ജോര്‍ജ് (ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍), ഡോ. റാണി മരിയ തോമസ് (പ്രിന്‍സിപ്പല്‍, അസംപ്ഷന്‍ കോളജ്), സുമി സിറിയക് (അന്തര്‍ദേശീയ നീന്തല്‍ താരം), സുമം സ്‌കറിയ (വ്യവസായ സംരംഭക), ജിനു സന്തോഷ് (വ്യവസായ സംരംഭക) എന്നിവരെ യോഗത്തില്‍ ആദരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും പ്രസക്തിയും കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ വിവിധ മേഖലകളില്‍നിന്നുള്ള കോഓര്‍ഡിനേറ്റര്‍മാരുടെ തെരഞ്ഞെടുപ്പ്, പ്രവര്‍ത്തന പരിപാടികളുടെ രൂപീകരണം, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലെ പങ്കാളിത്തം എന്നീ വിഷയങ്ങള്‍ ബോധിനി 2കെ25ന്റെ ഭാഗമായി നടന്നു.