റെയില്‍വേ സ്റ്റേഷനിലെ പൊതുശുചിമുറിയില്‍ 60-കാരിക്ക് ക്രൂരപീഡനം; 25-കാരന്‍ പിടിയില്‍, പ്രതി ലഹരിയ്ക്ക് അടിമയെന്ന് സംശയം
മുംബൈ: മുംബൈയിലെ ഘാട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലെ പൊതുശുചിമുറിയില്‍ 60 വയസ്സുകാരിയെ ആക്രമിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 25-കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തസ്ലിം നൂര്‍ മുഹമ്മദ് ഷാ എന്നയാളാണ് പിടിയിലായത്. വ്യാഴാഴ്ച (നവംബര്‍ 26) രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
18-കാരിയായ മകള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങാന്‍ ലോക്കല്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് സ്ത്രീ ശുചിമുറിയില്‍ പ്രവേശിച്ചത്. പിന്നാലെ എത്തിയ പ്രതി വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി പൂട്ടുകയും സ്ത്രീയെ മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തില്‍ സ്ത്രീയുടെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് സ്ത്രീ വിവരം മകളെ അറിയിക്കുകയും ഇരുവരും റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീയെ വൈദ്യപരിശോധനയ്ക്കായി രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി ശുചിമുറിയിലേക്ക് കയറുന്നതും പിന്നീട് പുറത്തുവന്ന് മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഘാട്കോപ്പറിലെ അസ്ല്‍ഫ മേഖലയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.