600 ദിവസം, 135 രാജ്യങ്ങൾ, 2.5 ലക്ഷം കിലോമീറ്റർ; ലോകസമാധാന സന്ദേശവുമായി ഡബ്ല്യു.എം.സി. അംഗം ജി.എസ്. മണിക്കുട്ടന്റെ അന്താരാഷ്ട്ര കാർ യാത്രയ്ക്ക് കുവൈറ്റിൽ തുടക്കമാകുന്നു

 
33333

കുവൈറ്റ്‌ സിറ്റി: ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) കുവൈറ്റ് പ്രൊവിൻസ് അംഗം മണിക്കുട്ടൻ ജി.എസ്. ദീർഘദൂര അന്താരാഷ്ട്ര കാർ യാത്രയ്ക്ക് ഒരുങ്ങുന്നു. സൗഹൃദത്തിന്റെയും ശാന്തിയുടെയും സർവ്വലൗകിക സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്ര, വരുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ കുവൈറ്റ് ടവറിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

600 ദിവസങ്ങൾ കൊണ്ട് 135 രാജ്യങ്ങളിലൂടെ 2,50,000 കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിക്കാനാണ് ഈ ദൗത്യത്തിലൂടെ മണിക്കുട്ടൻ ലക്ഷ്യമിടുന്നത്. മുൻപ് അമേരിക്കൻ ദമ്പതികളായ ജിം റോജേഴ്‌സും പേജ് പാർക്കറും 116 രാജ്യങ്ങളിലൂടെ മൂന്ന് വർഷം കൊണ്ട് നടത്തിയ യാത്രയുടെ റെക്കോർഡ് മറികടക്കുക എന്നതും ഈ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

വേൾഡ് മലയാളി കൗൺസിലിന്റെ പൂർണ പിന്തുണയോടെയും ആശംസകളോടെയുമാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ഡബ്ലിയു. എം.സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്റ്‌ ബേബി സോമത്തീരം എന്നിവർ അറിയിച്ചു.
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും ലോകസമാധാന സന്ദേശം പ്രചരിപ്പിക്കാനും ഈ യാത്രയിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവനന്തപുരം അരുവിക്കര വില്ലേജിൽ ചെറിയകൊന്നി സ്വദേശിയായ ജി.എസ്. മണിക്കുട്ടൻ  (53) നിലവിൽ കുവൈറ്റിലും തിരുവനന്തപുരത്തുമായി പ്രവർത്തിക്കുന്ന 'എത്യോസ് ഒപ്റ്റീഷ്യൻ' ഉടമയാണ്.

2023-ൽ ഒരു രാജ്യത്ത് കാറിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തിക്കുള്ള ഗിന്നസ് ലോകറെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അന്ന് മണിക്കുട്ടൻ തിരുത്തിക്കുറിച്ചത്. ഇതുവരെ 11 ലോകറെക്കോർഡുകളും ഒരു പ്രത്യേക പുരസ്കാരവും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം, "സമാധാനം" എന്ന പ്രധാന പ്രമേയമുയർത്തിയാണ് പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്.

കുവൈറ്റിൽ നിന്ന് ആരംഭിക്കുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നതായി വേൾഡ് മലയാളി കൗൺസിൽ ദുബായ് ഭാരവാഹികളായ ചെയർമാൻ വി. എസ്. ബിജുകുമാർ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാരാ, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ അറിയിച്ചു.

Tags

Share this story

From Around the Web