ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകര്‍. ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള കേന്ദ്രമായി നോട്രഡാം കത്തീഡ്രല്‍

പാരീസ്: ലോക പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിലേക്ക് ലക്ഷങ്ങളുടെ ഒഴുക്ക് തുടരുന്നു. രാജ്യത്തു ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള സ്മാരക കേന്ദ്രമായി മാറിയിരിക്കുകയാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയം.
കഴിഞ്ഞ ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകരാണ് ദേവാലയത്തില്‍ ഇതിനോടകം സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്.
12ാം നൂറ്റാണ്ടില്‍ ഗോത്തിക് വാസ്തുശില്‍പ ശൈലിയില്‍ നിര്‍മിച്ച നോട്രഡാം കത്തീഡ്രല്‍ മുന്‍പും സഞ്ചാരികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിന്നു.
''ക്രൈസ്തവ വിശ്വാസത്തിന്റെയും ശില്പകലയുടെയും മാസ്റ്റര്‍പീസ്'' എന്നാണ് ഫ്രാന്‍സിസ് പാപ്പ നോട്രഡാം ദേവാലയത്തെ വിശേഷിപ്പിച്ചിരിന്നത്. 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്‌നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെടുകയായിരിന്നു.
അഞ്ച് വര്‍ഷത്തെ നവീകരണത്തിനു ശേഷം 2024 ഡിസംബര്‍ 7-ന് കത്തീഡ്രല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നിരവധി ലോക നേതാക്കളും എത്തിയിരിന്നു.
ദേവാലയം തുറന്ന ആദ്യ മാസത്തില്‍ തന്നെ 8 ലക്ഷം സന്ദര്‍ശകരാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ദിവസേന ശരാശരി 29,000 പേര്‍. പിന്നീട് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയായിരിന്നു. 2025 ജൂണ്‍ 30-ന് എത്തുമ്പോള്‍ ആറ് മാസത്തിനിടെ ദേവാലയം സന്ദര്‍ശിച്ചവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞിരിക്കുകയാണ്.
പ്രതിദിനം ഏകദേശം 35,000 സന്ദര്‍ശകരാണ് കത്തീഡ്രലില്‍ എത്തുന്നത്. ശ്രദ്ധേയമായ വസ്തുത - ഫ്രാന്‍സിലെ പ്രസിദ്ധമായ ഈഫല്‍ ടവര്‍, ലോവ്ര് മ്യൂസിയം, വെര്‍സൈല്‍സ് പാലസ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരേക്കാള്‍ കൂടുതല്‍ ആളുകളാണ് ഇപ്പോള്‍ നോട്രഡാം ദേവാലയത്തില്‍ എത്തുന്നത്.