തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച ഒരു കുടുംബത്തിലെ 6 പേര്‍ ആശുപത്രിയില്‍; 2 പേരുടെ നില ഗുരുതരം
Updated: Oct 16, 2025, 18:36 IST

തിരുവനന്തപുരം അമ്പൂരിയില്‍ കൂണ്‍ കഴിച്ച ആറ് പേര്‍ ആശുപത്രിയില്‍. കുമ്പച്ചല്‍ക്കടവ് സ്വദേശി മോഹനന്‍ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ രാവിലെ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മോഹനന്‍ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നല്‍കാണിയുടെ ഭാര്യ സാവിത്രി, മകന്‍ അരുണ്‍ , മരുമകള്‍ സുമ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആറുപേരും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.