കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം നടന്നു

ഇടുക്കി: കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം നടന്നു.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനം രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഹൈറേഞ്ചിന് പുതിയ അനുഭവമായി മാറി.
വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിര ങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാല്‍നടതീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.
തീര്‍ത്ഥാടനം രാജകുമാരി ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കുടിയേറ്റ ജനതയുടെ കരുത്തുള്ള വിശ്വാസത്തില്‍ പടുത്തുയര്‍ത്തപ്പെട്ട നാടാണ് ഇടുക്കി എന്ന് അദ്ദേഹം പറഞ്ഞു. പഴമക്കാരുടെ ജീവിത സുകൃതങ്ങളെയും വിശ്വാസബോധങ്ങളെയും നാം നന്ദിയോടെ അനുസ്മരിക്കണം. മലയോര പ്രദേശത്ത് നടത്തുന്ന ഈ സുദീര്‍ഘമായ തീര്‍ത്ഥാടനം പഴമക്കാര്‍ പകര്‍ന്നു നല്‍കിയ കരുത്തുള്ള വിശ്വാസത്തിന്റെ പരസ്യമായ പ്രകടനം ആണെന്ന് മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു.
തീര്‍ത്ഥാടനം കടന്നുപോയ വഴികളിലെല്ലാം നൂറുക ണക്കിനാളുകള്‍ സ്വീകരണം നല്‍കി. ജാതിമത ഭേദമെന്യേ ആളുകള്‍ തീര്‍ത്ഥാടനത്തെ വരവേറ്റു. മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ഫാ. മാത്യു കരോട്ട്‌കൊച്ചറയ്ക്കല്‍, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഫാ. ജോസഫ് മാതാളികുന്നേല്‍, ജോര്‍ജ് കോയിക്കല്‍, സാം സണ്ണി, സെസില്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ നെല്ലിക്കുന്നേല്‍ നടന്നത് 40 കിലോമീറ്റര്‍
അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം പ്രത്യേകതകള്‍കൊണ്ട് ശ്രദ്ധേയമായി. തീര്‍ത്ഥാടനത്തിന്റെ 40 കിലോമീറ്ററും രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കാല്‍നടയായി തീര്‍ത്ഥാടനത്തിന് നേത്യത്വം നല്‍കി. നൂറുകണക്കിനാളുകളാണ് രൂപതാധ്യക്ഷനോടൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കാളികളായത്.