സ്വിറ്റ്സര്‍ലണ്ടില്‍ മലയാളി വൈദികന്റെ സുവര്‍ണ ജൂബിലിക്ക് എത്തിയത് 57 വൈദികരുംവന്‍ജനാവലിയും

 
father

ബേണ്‍/സ്വിറ്റ്സര്‍ലണ്ട്: യൂറോപ്യന്‍ മണ്ണിലെ പ്രവാസി മലയാളി സമൂഹത്തിനൊപ്പം തദ്ദേശിയ ജനതയ്ക്കും ആത്മീയ വെളിച്ചം പകര്‍ന്ന അജപാലന ശുശ്രൂഷയ്ക്ക് സുവര്‍ണ തിളക്കം. സ്വിറ്റ്സര്‍ലണ്ടില്‍ കഴിഞ്ഞ 18 വര്‍ഷമായി സജീവമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗമായ ഫാ. സെബാസ്റ്റ്യന്‍ തയ്യിലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി നേഫല്‍സില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു.

പത്രോസ്-പൗലോസ് ശ്ലീഹാക്കളുടെ തിരുനാള്‍ ദിനത്തില്‍ നേഫല്‍സ് ഇടവക ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. സീറോ മലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. മാര്‍ കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന റാസ കുര്‍ബാന പ്രവാസി സമൂഹത്തിന് നവ്യമായ ആത്മീയ അനുഭവമായി.

കഴിഞ്ഞ 16 വര്‍ഷമായി തയ്യില്‍ അച്ചന്‍ സേവനം അനുഷ്ഠിക്കുന്ന ഇതേ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 57 വൈദികരും നിരവധി സന്യാസിനികളും പങ്കെടുത്തു. ആഘോഷങ്ങള്‍ക്കപ്പുറം ആഴത്തില്‍ പതിഞ്ഞ വിശ്വാസ പ്രഖ്യാപനമായിരുന്നു ജൂബിലി ചടങ്ങുകള്‍. മലയാളി പ്രവാസികള്‍ക്കൊപ്പം തദ്ദേശീയരായ സ്വിസ് ജനതയും ഒത്തുചേര്‍ന്നപ്പോള്‍ അത് സഭയുടെ സാര്‍വത്രിക സ്വഭാവത്തിന്റെ നേര്‍ക്കാഴ്ച കൂടെയായി. അഞ്ഞൂറിലധികം വിശ്വാസികളാണ് ഈ വിശ്വാസ പ്രഖ്യാപന ചടങ്ങില്‍ സാക്ഷികളായത്.

അരനൂറ്റാണ്ട് കാലം നീണ്ട തന്റെ വൈദിക ജീവിതത്തിലെ ദൈവാനുഗ്രഹങ്ങളെ സ്മരിച്ച തയ്യില്‍ അച്ചന്‍, വിശ്വാസത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ലിന്ത്-അരേനയില്‍ നടന്ന സാംസ്‌കാരിക സംഗമവും പരമ്പരാഗത ഇന്ത്യന്‍ ശൈലിയിലുള്ള സ്നേഹവിരുന്നും ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. സ്വിറ്റ്സര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറിയ ഈ ജൂബിലി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും പങ്കെടുത്തവര്‍ക്കും തയ്യില്‍ അച്ചന്‍ നന്ദി പറഞ്ഞു.

Tags

Share this story

From Around the Web