ആര്‍ച്ച്ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉള്‍പ്പടെ 54 മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ പാലീയം നല്കും

​​​​​​​

 
ARCH BISHOP


വത്തിക്കാന്‍സിറ്റി: മൂന്നു ഇന്ത്യാക്കാരുള്‍പ്പടെ വിവിധ രാജ്യക്കാരായ 54 മെത്രാപ്പോലിത്താമാര്‍ക്ക് പാപ്പാ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനമായ ഞായറാഴ്ച പാലീയം നല്കും.

ജൂണ്‍ 29-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ തിരുന്നാള്‍ക്കുര്‍ബ്ബാന മദ്ധ്യേ ആയിരിക്കും ലിയൊ പതിനാലാമന്‍ പാപ്പാ പാലീയം ആശീര്‍വദിച്ചു നല്കുക.

പാപ്പായുമായുള്ള കൂട്ടായ്മയുടെയും അജപാലന ശുശ്രൂഷയുടെയും അധികാരഉത്തരവാദിത്വങ്ങളുടെയും സമാധാനവും ഐക്യവും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയുടെയും അടയാളമായി ധരിക്കുന്നതും ഇരുതോളുകളിലുടെ കഴുത്തുചുറ്റി നെഞ്ചിന്റെ മദ്ധ്യത്തിലൂടെ മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നതും കുരിശുകളുള്ളതും ആട്ടിന്‍രോമത്താല്‍ നിര്‍മ്മിതവുമാണ് പാലീയം.

പാലീയം സ്വീകരിക്കുന്ന ഇന്ത്യക്കാരായ മെത്രാപ്പോലീത്താമാര്‍, കോഴിക്കോടു അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, ബോംബെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോണ്‍ റൊഡ്രീഗസ്, വിശാഖപട്ടണം അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നീപിതാക്കന്മാരാണ്.

ഞായറാഴ്ച രാവിലെ റോമിലെ സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും ദിവ്യബലി ആരംഭിക്കുക. കോണ്‍സ്റ്റന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്റെ പ്രതിനിധിസംഘവും ഈ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ പങ്കുകൊള്ളും.

അതിനിടെ, പശ്ചിമബംഗാളിലെ കല്‍ക്കട്ട അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ചുബിഷപ്പായി  അസന്‍സോള്‍ രൂപതയുടെ മെത്രാന്‍ ഏലിയാസ് ഫ്രാങ്കിനെ പാപ്പാ ശനിയാഴ്ച നാമനിര്‍ദ്ദേശം ചെയ്തു.

Tags

Share this story

From Around the Web