വൃദ്ധ സഹോദരിമാരുടെ കൊലപാതകം: പുഴയില്‍ കണ്ടെത്തിയ മൃതദേഹം പ്രതി സഹോദരന്റെ തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂര്‍ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ പ്രമോദിന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പോലീസും ബന്ധുക്കളും തലശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കേസില്‍ പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശേരി കുയ്യാലി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെ പ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.