സമൂഹമെന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷ: ബിഷപ് ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍

മൂന്നാര്‍: ആചാരം കൊണ്ടും ജീവിതാനുഷ്ഠാനങ്ങള്‍കൊണ്ടും വ്യത്യസ്ത ദേശങ്ങളിലുള്ള ജനവിഭാഗങ്ങളെ ഒന്നപ്പിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്ന് ബിഷപ് ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍.
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയ ആരാധനാ ശുശ്രൂഷകള്‍ക്കിടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാവരും വ്യത്യസ്തയുള്ളവരും വ്യത്യസ്ത ദേശങ്ങളില്‍നിന്ന് എത്തിയവരുമാണ്. എങ്കിലും, ഒരു സമൂഹമെന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കാനാവുക സ്‌നേഹത്തിന്റെ ഭാഷയ്ക്കാണ്. ഭാഷ അറിയില്ലെങ്കിലും സ്‌നേഹത്തോടെ നാം ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ബിഷപ് പറഞ്ഞു.
മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ നിന്നായുള്ള നൂറു കണക്കിന് തൊഴിലാളികളാണ് ശുശ്രൂഷകളില്‍ പങ്കെടുത്തത്. ദേവികുളം ആവേ മരിയ പള്ളി സഹവികാരി ഫാ. ക്രിസ്തുജദാസ് ഹിന്ദിയില്‍ ദിവ്യബലി അര്‍പ്പിച്ചു. തൊഴിലാളികളെ ബിഷപ്പ് ഉപഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
മൂന്നാര്‍ ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍, ഫാ. ലിജോ ലോറന്‍സ്. ഫാ. അഭിജിത്ത്, സിസ്റ്റര്‍ സുവര്‍ണ, സിസ്റ്റര്‍ ലിജി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ മാസമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ശുശ്രൂഷകള്‍ ആരംഭിച്ചത്.