പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫില്‍ കുടുങ്ങിയ 52,000 ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി; കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍
അബുദാബി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ 52,000 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി നാട്ടിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമ്പത് ദിവസത്തിനുള്ളിലാണ് വിവിധ എയര്‍ലൈനുകള്‍ വഴി ഇത്രയും പേരെ എത്തിച്ചത്. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനക്കമ്പനികളിലാണ് യാത്ര ചെയ്തത്. യാത്ര തടസ്സപ്പെട്ട ബാക്കിയുള്ളവര്‍ക്കായി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഹ്രസ്വകാല സന്ദര്‍ശനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലെത്തി മടക്കയാത്ര പ്രതിസന്ധിയിലായ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എംബസികളിലും കോണ്‍സുലേറ്റുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.