യുവജന ജൂബിലിക്ക് റോമില്‍ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍. റോമില്‍ വിപുലമായ ഒരുക്കങ്ങള്‍

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന യുവജന ജൂബിലിക്ക് റോമില്‍ ഒത്തുകൂടാന്‍ അഞ്ചുലക്ഷം യുവജനങ്ങള്‍ തയാറെടുക്കുന്നു.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് ഒത്തുചേരുന്നത്. 2025 ജൂബിലി വര്‍ഷത്തിലെ ഏറ്റവും വലിയ പരിപാടിയായാണ് യുവജന സംഗമത്തെ വിശേഷിപ്പിക്കുന്നത്.
2000-ല്‍ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോര്‍ വെര്‍ഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.
146 രാജ്യങ്ങളില്‍ നിന്നുള്ള യുവജന തീര്‍ത്ഥാടകര്‍ സംഗമത്തില്‍ പങ്കെടുക്കും. ഇതില്‍ 68% യൂറോപ്പില്‍ നിന്നുള്ളവരാണ്.
റോമില്‍ കനത്ത ചൂടായതിനാല്‍ 50 ലക്ഷം വെള്ളക്കുപ്പികള്‍ വിതരണം ചെയ്യുവാന്‍ ഒരുക്കികഴിഞ്ഞു. 2,660 കുടിവെള്ള സ്റ്റേഷനുകളുടെ ഒരുക്കം അവസാനഘട്ടത്തിലാണ്.
4,000 പോലീസുകാരും അഗ്‌നിശമനസേനാംഗങ്ങളുമാണ് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുക. 2,760 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍, 143 മെഡിക്കല്‍ പോസ്റ്റുകള്‍, 43 ആംബുലന്‍സുകള്‍, ഹെലികോപ്റ്റര്‍ സേവനം എന്നിവ ക്രമീകരിക്കുന്നുണ്ട്. സ്‌കൂളുകളിലും പള്ളികളിലും മറ്റ് സ്ഥലങ്ങളിലുമായാണ് താമസ ക്രമീകരണം.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയില്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ ഇരുപത്തിയൊന്‍പതാം തീയതി വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഓഗസ്റ്റ് 2,3 തീയതികളിലാണ് പ്രധാന ആഘോഷം.