ടാന്‍സാനിയയില്‍ കര്‍മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു

ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ കര്‍മ്മലീത്ത സന്യാസ സമൂഹാംഗങ്ങളായ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു.
രാജ്യത്തെ മ്വാന്‍സ അതിരൂപതയില്‍ തിങ്കളാഴ്ചയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ് (എംസിഎസ്ടി) അംഗങ്ങളായ നാലു സന്യാസിനികളും ഡ്രൈവറും മരണപ്പെട്ടത്.
സെപ്റ്റംബര്‍ 15ന് കലുലുമ-ബുകുമ്പി പ്രദേശത്തുവെച്ചാണ് അപകടം നടന്നത്. സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യസ്തരും മരണപ്പെട്ടു.
സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിലിയന്‍ കപോംഗോ, സെക്രട്ടറി സിസ്റ്റര്‍ നെരിനാഥെ, സിസ്റ്റര്‍ ഡമാരിസ് മതേക്ക, സിസ്റ്റര്‍ സ്റ്റെല്ലാമേരിസ് എന്നിവരായിരുന്നു മരണപ്പെട്ടത്.
വാരാന്ത്യത്തില്‍ തങ്ങളുടെ മൂന്ന് സഹോദരിമാരുടെ നിത്യവ്രത വാഗ്ദാനവുമായി ബന്ധപ്പെട്ട് ടാന്‍സാനിയയിലെ കഹാമ രൂപതയിലെ ഇവരെല്ലാം യാത്ര ചെയ്തിരുന്നു. ഡാര്‍ എസ് സലാമിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്.
കഹാമ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റെനാറ്റസ് ലിയോനാര്‍ഡ് എന്‍ക്വാന്‍ഡെ, ദാരുണമായ അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. രാത്രിയിലാണ് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത തങ്ങള്‍ക്ക് ലഭിച്ചത്.
ഡാര്‍ എസ് സലാമിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മ്വാന്‍സയില്‍വെച്ചു ഇവര്‍ സഞ്ചരിച്ചിരിന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് ആര്‍ച്ച് ബിഷപ്പ് റെനാറ്റസ് പറഞ്ഞു.
അപകടത്തില്‍ നിന്ന് ഒരു സന്യാസിനി മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയപ്പെട്ട സന്യസ്തരുടെ ആത്മശാന്തിയ്ക്കു വേണ്ടിയും വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്ക് സമാശ്വാസം ലഭിക്കുന്നതിനു വേണ്ടിയും ബിഷപ്പ് പ്രാര്‍ത്ഥന യാചിച്ചു.