49 സ്പാനിഷ് രക്തസാക്ഷികൾക്ക് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിയുന്നു; ഉത്തരവിൽ ഒപ്പുവച്ച് ലെയോ പതിനാലാമൻ മാർപാപ്പ
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തിനു വേണ്ടി ജീവൻ ബലിനൽകിയ 49 രക്തസാക്ഷികൾ ഉൾപ്പെടെ നിരവധി ദൈവദാസരുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾക്ക് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡികാസ്റ്ററി പ്രീഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമരാരോയുമായി തിങ്കളാഴ്ച വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചത്.
1936 ൽ സ്പെയിനിലെ കാറ്റലോണിയയിൽ നടന്ന മതമർദനത്തിനിടയിൽ കൊല്ലപ്പെട്ട ദൈവദാസൻ സ്റ്റാനിസ്ലാവോ ഒർട്ടേഗ ഗാർസിയയുടെയും അദ്ദേഹത്തിന്റെ 48 അനുചരന്മാരുടെയും രക്തസാക്ഷിത്വമാണ് അംഗീകരിക്കപ്പെട്ടത്.
സെന്റ് ഗബ്രിയേൽ ബ്രദേഴ്സ് അംഗങ്ങളും രൂപതാ വൈദികനായ ഇമ്മാനുവൽ ബെറെൻഗുവർ ക്ലൂസെല്ലയും ഉൾപ്പെടുന്ന ഈ സംഘം വിശ്വാസത്തോടുള്ള വിദ്വേഷത്താൽ വധിക്കപ്പെടുകയായിരുന്നു.
ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുന്നതിനായി ഇവർ നടത്തിയ പോരാട്ടവും ജീവത്യാഗവും സഭ ഔദ്യോഗികമായി ശരിവച്ചു.
രക്തസാക്ഷികൾക്കു പുറമെ, സ്പാനിഷ് അൽമായ അംഗമായിരുന്ന പിയത്രോ ഇമ്മാനുവൽ സലാഡോ ആൽബയുടെ ജീവിതസമർപ്പണവും മാർപാപ്പ അംഗീകരിച്ചു. ‘ഹോഗർ ഡി നസ്രത്ത്’ എന്ന സംഘടനയിലൂടെ സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 2012 ൽ ഇക്വഡോറിൽ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ക്രൈസ്തവമൂല്യങ്ങൾക്കായുള്ള പൂർണ്ണമായ സമർപ്പണമായിരുന്നുവെന്ന് സഭ വിലയിരുത്തി.
നാമകരണ നടപടികളുടെ ഭാഗമായി മൂന്ന് വനിതാ ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇറ്റാലിയൻ സന്യാസിനിയായ മരിയ എലെറ്റ ഓഫ് ജീസസ്, നെതർലാൻഡിൽ നിന്നുള്ള മരിയ തെരേസ ഓഫ് ദ മോസ്റ്റ് ഹോളി ട്രിനിറ്റി, സഭയുടെ സ്ഥാപകയായ മരിയ റഫായേല ഡി ജിയോവന്ന എന്നിവരാണ് ഈ പട്ടികയിലുള്ളത്.
പുതിയ ഉത്തരവുകൾ പുറത്തുവന്നതോടെ ഇവരുടെയെല്ലാം വാഴ്ത്തപ്പെട്ട പദവിയിലേക്കും തുടർന്നുള്ള വിശുദ്ധ പദവിയിലേക്കുമുള്ള നടപടികൾക്ക് വേഗതയേറും.