കെ.ആര്‍.എല്‍.സി.സി 47-ാം ജനറല്‍ അസംബ്ലിക്ക് തുടക്കം

 
KRLCC



കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലിക്ക് ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. 

കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പതാക ഉയര്‍ത്തി. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇന്നു ശനിയാഴ്ച രാവിലെ കെആര്‍എല്‍സിസി പ്രവര്‍ത്തന റിപ്പോര്‍ട്ട് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. 

സിസിആര്‍ സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ മോളി ആട്ടുള്ളി മോഡറേറ്ററായിരിക്കും. തുടര്‍ന്ന് വിവിധ ശുശ്രുഷാസമിതികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ഉച്ചയ്ക്കുശേഷം കെആര്‍എല്‍സിസി രജതജൂബിലിയുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ഡോ. എസ്. റെയ്മണ്‍ (സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും), ജോയ് ഗോതുരുത്ത് (പ്രതിബന്ധങ്ങളും ബലഹീനതകളും), ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ (പുത്തന്‍ സാധ്യതകളും നവീകരണവും), തോമസ് കെ.സ്റ്റീഫന്‍ (സാമൂഹിക സ്വാധീനം : നവമേഖലകളും ശൈലികളും) എന്നിവര്‍ പങ്കെടുക്കും.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകിട്ട് ജെ ബി കോശി കമ്മീഷന്‍ റിപ്പോട്ടിന്റെ അവലോകനവും ചര്‍ച്ചയും നടക്കും. അഡ്വ. ഷെറി ജെ.തോമസ് (ക്ഷേമപദ്ധതികള്‍), പി.ആര്‍. കുഞ്ഞച്ചന്‍ (വിദ്യാഭ്യാസമുന്നേറ്റം) അഡ്വ. അഞ്ജലി സൈറസ് (തൊഴിലും വികസനവും) എന്നിവരും പങ്കെടുക്കും. 

തിരുവനന്തപുരം അതിരൂപതയുടെ വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര മോഡറേറ്റര്‍ ആയിരിക്കും. രാത്രി, സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഓപ്പണ്‍ ഫോറവും നടക്കും.

Tags

Share this story

From Around the Web