കെ ആര്‍ എല്‍ സി സി 46-ാം ജനറല്‍ അസംബ്ലിക്ക് എറണാകുളത്ത് ആശിര്‍ഭവനില്‍ ആരംഭം
എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ ആര്‍എല്‍സിസി) 46-ാം ജനറല്‍ അസംബ്ലിക്ക് എറണാകുളത്ത് ആശിര്‍ഭവനില്‍ ആരംഭം.
രാവിലെ 10:0 ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ വി കെ മിനിമോള്‍ വിശിഷ്ടാതിഥിയും ഉദ്ഘാടകയും ആയി.
നെയ്യാറ്റിന്‍കര, കൊച്ചി രൂപതകളുടെ മെത്രാന്മാരായി ചുമതലയേറ്റ ബിഷപ്പ് സെല്‍വരാജന്‍ ഡി., ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പില്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ സദസ്സിനെ അഭിസംബോധനചെയ്തു സംസാരിച്ചു.
സമുദായ ശക്തികരണത്തില്‍ സംഘാത മുന്നേറ്റങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ ബിഷപ്പ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് ലത്തീന്‍ സഭയിലെ വിവിധ സംഘടനകളുടെ അദ്ധ്യക്ഷന്മാരായ അഡ്വ. ഷെറി ജെ. തോമസ്, ഷേര്‍ളി സ്റ്റാന്‍ലി . ബെന്നി പാപ്പച്ചന്‍, പോള്‍ ജോസ് , പ്രബല്ലദാസ്, ബാബു തണ്ണിക്കോട്, രാജേഷ് പി. എം എന്നിവര്‍ വിവിധ സാമൂഹ്യ-സമുദായ- രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച ദശവല്‍സര പദ്ധതിരേഖകള്‍ അവതരിപ്പിക്കും.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വിശകലനം ചെയ്യുന്ന അസംബ്‌ളി ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലത്തീന്‍സമുദായം സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കും.
ഞായറാഴ്ച രാവിലെ 11:00 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍വച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്ക് നിയമിക്കപ്പെട്ടവര്‍ക്ക് ആദരം നല്കും.
കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെയും മെത്രാന്മാരും വൈദീക, സന്ന്യസ്ത അല്മായ പ്രതിനിധികളും ഉള്‍പ്പെടെ 205 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കെആര്‍എല്‍സിസി ഭാരവാഹികളായ സി. ജൂഡി വര്‍ഗീസ് ബിജു ജോസി, പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ് എന്നിവര്‍ അസംബ്ലിക്ക് നേതൃത്വം നല്കും